പാക്കിസ്ഥാന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റനായി ചുമതലയേറ്റ് 10 മാസത്തിനുള്ളില്‍ തന്നെ ബാബര്‍ അസമിന് ക്യാപ്ര്‌റന്‍ സ്ഥാനം നഷ്ടപ്പെടുന്നതിന്റെ വക്കിലാണ്. ദേശീയ ക്യാപ്റ്റന്‍ എന്ന പദവിയില്‍ ഇനി ബാബര്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ക്യാപ്റ്റന്‍ ആയിട്ടും, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചാമ്പ്യന്‍സ് ഏകദിന കപ്പിനുള്ള ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ബാബറിനെ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍, ക്യാപ്റ്റനെന്ന നിലയിലുള്ള ബാബറിന്റെ സമയം അവസാനിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ, ഏകദിന ലോകകപ്പിനു ശേഷം ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു എങ്കിലും പിന്നീട് ബാബറിനെ അവര്‍ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടു വരികയായിരുന്നു. ബാബറിന് പകരക്കാരനായി മുഹമ്മദ് റിസ്വാനെ ആണ് പാകിസ്താന്‍ പരിഗണിക്കുന്നത്. ബാബര്‍ ഈ ടൂര്‍ണമെന്റില്‍ മുഹമ്മദ് ഹാരിസിന്റെ ക്യാപ്റ്റന്‍സിയുടെ കീഴിലാകും കളിക്കുക. ഇതാണ് നേതൃമാറ്റ സൂചന തരുന്നത്.
അതേസമയം, ബംഗ്ലാദേശിനെതിരായ മോശം പ്രകടനത്തെത്തുടര്‍ന്ന് 2019 ഡിസംബറിന് ശേഷം ആദ്യമായി മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഐസിസി പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റിംഗ് ടോപ്പ് 10 ല്‍ നിന്ന് പുറത്തായി. അടുത്തിടെ നടന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ നാല് ഇന്നിംഗ്സുകളില്‍ നിന്ന് 64 റണ്‍സ് മാത്രമാണ് അസമിന് നേടാനായത്.
2022 ഡിസംബറിന് ശേഷം സെഞ്ചുറികളുടെ അഭാവവും ഫിഫ്റ്റി ഇല്ലാതെ 16 ഇന്നിംഗ്സുകളുടെ ഒരു തുടര്‍ച്ചയുമാണ് ബാബറിനെ 12ആം സ്ഥാനത്തേക്ക് എത്തിച്ചത്. 922 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ബാറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാമത്. കെയ്ന്‍ വില്യംസണ്‍ രണ്ടാമതും. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇവര്‍ക്ക് പിന്നിലായി ഉണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആറാം സ്ഥാനത്ത് തുടരുന്നു, യശസ്വി ജയ്സ്വാളും വിരാട് കോഹ്ലിയും യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങളിലും ഉണ്ട്.