സില്‍ഹറ്റ് : അഞ്ച് മത്സരങ്ങളുള്ള വനിത ട്വന്റി20 പരമ്പരയില ആദ്യ മത്സരം ഇന്ന് നടക്കും. മത്സരത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങി ആശ ശോഭനയും സജന സജീവനും. മലയാളി ഓള്‍ റൗണ്ടര്‍മാരായ മലയാളി താരങ്ങള്‍ ആദ്യമായാണ് അന്തര്‍ ദേശീയ ജഴ്‌സിയണിയുന്നത്. നേരത്തെ മലയാളിയായ മിന്നു മണി ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നു. ഇതാദ്യമായാണ് പുരുഷ-വനിതാ ദേശീയ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരുമിച്ച് രണ്ട് മലയാളികള്‍ കളിക്കുന്നത്.
വനിത പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനമാണ് ഇരുവരെയും ഇന്ത്യന്‍ ടീമിലെത്തിച്ചത്. വനിത പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ് വയനാട്ടുകാരിയായ സജന. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി ഉജ്ജ്വല സ്പിന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ആശ തിരുവനന്തപുരം സ്വദേശിയാണ്. ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യ വിക്കറ്റ് നേട്ടം നേടിയ താരം കൂടിയാണ് ആശ.
ബംഗ്ലാദേശില്‍ വെച്ച് തന്നെ നടക്കുന്ന ട്വന്റി 20 വനിതാ ലോകകപ്പിന്റെ പ്രീ ട്രയലായ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമിലും ഇടം പിടിക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. വനിത പ്രീമിയര്‍ ലീഗിന് ശേഷം ആദ്യമായി അന്താരാഷ്ട്ര മത്സരം കളിക്കുകയാണ് ഇന്ത്യ. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിഗര്‍ സുല്‍ത്താനയാണ് ആതിഥേയ സംഘത്തിന്റെ നായിക. ബാക്കി മത്സരങ്ങള്‍ ഏപ്രില്‍ 28, മേയ് രണ്ട്, ആറ്, ഒമ്പത് തീയതികളില്‍ നടക്കും.