ലോകകപ്പ് ഫുട്‌ബോള്‍ തെക്കേ അമേരിക്കന്‍ (കോണ്‍മെബോള്‍)യോഗ്യതാ റൗണ്ടില്‍
നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ജയിച്ചുകയറിയപ്പോള്‍ മുന്‍ ജേതാക്കളായ ബ്രസീല്‍ സ്വന്തം ഗ്രൗണ്ടില്‍ സമനിലവഴങ്ങി. പെറുവിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലയണല്‍ മെസിയും സംഘവും വിജയം പിടിച്ചെടുത്തത്. യുവതാരം ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. അതേസമയം യുറുഗ്വായോട് ബ്രസീല്‍ 1-1നു സമനില വഴങ്ങി. യുറുഗ്വായ്ക്ക് വേണ്ടി ഫെഡറിക്കോ വാല്‍വെര്‍ഡെ ഗോള്‍ നേടിയപ്പോള്‍ ഗെര്‍സന്റെ ഗോളാണ് കാനറികളെ രക്ഷിച്ചത്.
പെറുവിനെതിരേ അര്‍ജന്റീനയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലെ 55-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അസിസ്റ്റില്‍നിന്ന് തകര്‍പ്പന്‍ വോളിയിലൂടെ ലൗട്ടാരോ മാര്‍ട്ടിനസ് പെറുവിന്റെ വലകുലുക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ലൗട്ടാരോ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ കണ്ടെത്തുന്നത്. പരാഗ്വേയ്‌ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ലൗട്ടാരോയാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീന ലീഡ് അഞ്ചാക്കി ഉയര്‍ത്തിയിരിക്കുകയാണ്.
യുറുഗ്വായ്‌ക്കെതിരേ ബ്രസീലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ യുറുഗ്വായ്‌യാണ് ലീഡെടുത്തത്. 55ാം മിനിറ്റില്‍ ഫെഡറിക്കോ വാല്‍വെര്‍ഡെ യുറുഗ്വായ്‌യുടെ ഗോള്‍ നേടി. മാക്‌സിമിലിയാനോ അരൗജോയുടെ അസിസ്റ്റാണ് ഗോളൊരുക്കിയത്.
ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നുകളിച്ച ബ്രസീല്‍ തിരിച്ചടിച്ചു. 62ാം മിനിറ്റില്‍ വിങ്ങര്‍ ഗെര്‍സനാണ് കാനറികളെ ഒപ്പമെത്തിച്ചത്. വിജയഗോള്‍ പിറക്കാതിരുന്നതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ വഴങ്ങുന്ന തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. കഴിഞ്ഞ മത്സരത്തില്‍ വെനസ്വേലയും ബ്രസീലിനെ സമനിലയില്‍ തളച്ചിരുന്നു. 12 മത്സരങ്ങളില്‍ 18 പോയിന്റുള്ള ബ്രസീല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. വിജയത്തോടെ 20 പോയിന്റുമായി യുറുഗ്വായ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. എക്വഡോറിനോട് കൊളംബിയ തോല്‍വി വഴങ്ങിയതോടെയാണ് യുറുഗ്വായ് രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. 19 പോയിന്റുമായി ഇക്വഡോര്‍ മൂന്നാമതും അത്രതന്നെ പോയിന്റുമായി കൊളംബിയ നാലാമതുമാണ്.