ലൗതാരോ മാർട്ടിനസിന്റെ ​ഗോളിൽ വീണ് കൊളംബിയ; കോപയിൽ അർജന്റീനയ്ക്ക് 'റെക്കോഡ്' കിരീടം

കൊളംബിയക്കെതിരായ തീപാറും പോരാട്ടത്തിൽ നിശ്ചിതസമയത്ത് ഇരുനിരയും ഗോൾരഹിതമായി പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. പകരക്കാരനായെത്തിയ ലൗതാരോ മാർട്ടിനസ് 112ാം മിനിറ്റിൽ കൊലംബിയയുടെ ​ഗോൾ വല കുലുക്കുകയായിരുന്നു. 

author-image
Greeshma Rakesh
New Update
ARGENTINA WIN copa america title

argentina defeat colombia and win record 16th copa america title

Listen to this article
0.75x 1x 1.5x
00:00 / 00:00

ഫ്ലോറിഡ: ലോകകപ്പ് ജേതാക്കളും നിലവിലെ ചാമ്പ്യന്മാരെന്ന തിളക്കത്തോടെ എത്തിയ അർജന്റീനക്ക് കോപ അമേരിക്കയിൽ വീണ്ടും കിരീടം.ലൗതാരോ മാർട്ടിനസാണ് ഇത്തവണ അർജന്റീനയുടെ രക്ഷകൻ.കൊളംബിയക്കെതിരായ തീപാറും പോരാട്ടത്തിൽ നിശ്ചിതസമയത്ത് ഇരുനിരയും ഗോൾരഹിതമായി പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. പകരക്കാരനായെത്തിയ ലൗതാരോ മാർട്ടിനസ് 112ാം മിനിറ്റിൽ കൊലംബിയയുടെ ​ഗോൾ വല കുലുക്കുകയായിരുന്നു. 

ലോ സെൽസോ ​നൽകിയ മനോഹര പാസാണ് ഗോളിലേക്ക് വഴിതുറന്നത്. നിശ്ചിത സമയം അവസാനിക്കാൻ 25 മിനിറ്റോളം ശേഷിക്കെ നായകൻ ലയണൽ മെസ്സി പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട മത്സരത്തിൽ കൊളംബിയയാണ് പന്തടക്കത്തിൽ ഒരുപടി മുന്നിൽനിന്നത്. എന്നാൽ, എക്സ്ട്രാ ടൈമിലെ ഗോൾ രണ്ടാം കിരീടമെന്ന അവരുടെ സ്വപ്നം തകർത്തെറിയുകയായിരുന്നു. അതേസമയം, 16ാം കിരീടത്തോടെ കോപ്പയിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരെന്ന റെക്കോഡ് അർജന്റീന സ്വന്തമാക്കി. 15 കിരീടവുമായി ഉറു​ഗ്വെക്കൊപ്പമായിരുന്നു ഇതുവരെ മെസ്സിയും സംഘവും.

അതെസമയം കലാശപ്പോരിന്റെ ആവേശം നുകരാൻ പതിനായിരക്കണക്കിനാളുകളാണ് മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയത്. തള്ളിക്കയറാൻ ശ്രമിച്ച കാണികളെ നിയന്ത്രിക്കാനാവാതിരുന്നതോടെ മത്സരം ഒന്നേകാൽ മണിക്കൂർ വൈകിയാണ് ആരംഭിക്കാനായത്.വൈകിത്തുടങ്ങിയ മത്സരത്തിന്റെ ആദ്യപകുതിയിൽ മികച്ച മുന്നേറ്റങ്ങളുമായി കൊളംബിയയാണ് ഒരുപടി മുന്നിൽനിന്നത്. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ അർജന്റീന എതിർ ഗോൾമുഖത്ത് ഭീതി വിതച്ചു.

വലതു വിങ്ങിൽനിന്ന് മോണ്ടിയേൽ നൽകിയ ക്രോസ് അൽവാരസ് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും പുറത്തേക്കായിരുന്നു. ആറാം മിനിറ്റിലാണ് കൊളംബിയയുടെ മികച്ച മുന്നേറ്റം കണ്ടത്. എന്നാൽ, ലൂയിസ് ഡയസിന്റെ ലോങ് ഷോട്ട് എമിലിയാനോ മാർട്ടിനസ് അനായാസം കൈയിലൊതുക്കി. തുടർന്നും അർജന്റീന ബോക്സിലേക്ക് പലതവണ കൊളംബിയൻ താരങ്ങൾ ഇരച്ചുകയറി. ഇതിനിടെ കൊർദോബയുടെ ഷോട്ട് പോസ്റ്റിനോട് ചേർന്നാണ് പുറത്തുപോയത്. ​കൊളംബിയൻ നായകൻ ജെയിംസ് റോഡ്രിഗസിന്റെ പല നീക്കങ്ങളും അർജന്റീനക്ക് ഭീഷണിയുയർത്തി.

20ാം മിനിറ്റിൽ അർജന്റീനയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ ഡി മരിയയുടെ ഡ്രൈവിൽനിന്ന് മെസ്സി പോസ്റ്റിന് നേരെ ഷോട്ടുതിർത്തെങ്കിലും അർജന്റീന താരത്തിന്റെ കാലിൽതട്ടി പുറത്തായി. 33ാം മിനിറ്റിൽ കൊളംബിയ അക്കൗണ്ട് തുറന്നെന്ന് ​തോന്നിച്ചു. എന്നാൽ, ജെഫേഴ്സൺ ലെർമയുടെ ഉശിരൻ ലോങ് റേഞ്ചർ എമിലിയാനോ മാർട്ടിനസ് മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി. ഉടൻ അർജന്റീന താരങ്ങളുടെ കൂട്ടമായ മുന്നേറ്റത്തിനൊടുവിൽ മെസ്സി പരിക്കേറ്റ് ​വീണത് ആശങ്ക പരത്തി. ബോക്സിലേക്ക് ക്രോസ് നൽകാനുള്ള മെസ്സിയുടെ നീക്കം തടയാനുള്ള സാന്റി​യാഗോ ആരിയാസിന്റെ ശ്രമത്തിൽ ചവിട്ടേറ്റ മെസ്സി വേദനയിൽ പുളഞ്ഞു. ആശങ്കക്കൊടുവിൽ താരം കളത്തിൽ തുടർന്നത് അർജന്റീന ക്യാമ്പിന് ആശ്വാസമായി.

വീണ്ടും പരിക്ക്, കണ്ണീരോടെ കളംവിട്ട് സൂപ്പർതാരം മെസ്സി

രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ ​കൊളംബിയ അവസരം തുറന്നെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പിന്നാലെ ഡി മരിയയുടെ ഷോട്ട് കൊളംബിയൻ ഗോൾകീപ്പറും തടഞ്ഞിട്ടു. 64ാം മിനിറ്റിൽ അർജന്റീനക്ക് കനത്ത തിരിച്ചടിയായി നായകൻ മെസ്സി കളം വിട്ടു. നേരത്തെ കാലിനേറ്റ പരിക്ക് വഷളായതോടെയാണ് താരത്തിന് കളം വിടേണ്ടി വന്നത്. ഡഗൗട്ടിലിരിക്കെ കണ്ണീരടക്കാനാവാതെ ഇരിക്കുന്ന മെസ്സി ഫുട്ബാൾ ആരാധകരുടെയും വേദനയായി.

നികൊ ഗോൺസാലസാണ് പകരക്കാരനായെത്തിയത്. 75ാം മിനിറ്റിൽ അർജന്റീനക്കായി ​നികൊ വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. നിശ്ചിത സമയം അവസാനിക്കാനിരിക്കെ ഡി മരിയയുടെ ക്രോസിൽ അർജന്റീന ഗോളിനടുത്തെത്തിയെങ്കിലും റൊമോരൊക്ക് ക്ലിയർ ചെയ്യാനായില്ല. അവസാന മിനിറ്റുകളിൽ ഇരുനിരയും ഗോൾ തേടി ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ അകന്നുനിന്നതോടെ മത്സരം അധിക സമ​യത്തേക്ക് നീങ്ങി.

രക്ഷകനായി ലൗതാരോ മാർട്ടിനസ്

എക്സ്ട്രാ ടൈം തുടങ്ങി അഞ്ച് മിനിറ്റിനകം അർജന്റീന അവസരം തുറന്നെടുത്തെങ്കിലും ഡി​ പോളിന്റെ പാസ് സ്വീകരിച്ച ഗോൾസാലസിന്റെ ഷോട്ട് കൊളംബിയൻ ഗോൾകീപ്പർ വർഗാസ് കൈയിലൊതുക്കി. വൈകാതെ കൊളംബിയൻ താരം ജോൺ ആരിയസിന്റെ കനത്ത ഷോട്ട് അർജന്റീന പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി മാർട്ടിനസിന്റെ കൈയിൽ വിശ്രമിച്ചു.

 എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡി മരിയ നൽകിയ തകർപ്പൻ ക്രോസ് ലൗതാരോ മാർട്ടിനസിന് എത്തിപ്പിടിക്കാനാനായില്ല. തൊട്ടുടൻ കൊളംബിയൻ ഗോൾശ്രമം അലക്സാണ്ട്രോ മാർട്ടിനസ് തടഞ്ഞിട്ടു. അവസാനം അർജന്റീന കാത്തിരുന്ന നിമിഷമെത്തി. 97ാം മിനിറ്റിൽ മാത്രം പകരക്കാരന്റെ റോളിലെത്തിയ ലൗതാരോ മാർട്ടിനസിന്റെ ഏക ഗോളിൽ അർജന്റീനക്ക് സ്വപ്ന കിരീടം.

 

Lautaro Martinez Argentina Football Team lionel messi Copa America 2024