നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ പാരീസ് ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ ഉദ്ഘാടനമത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്ക് തോല്‍വി. കളിയുടെ അവസാന നിമിഷത്തില്‍ അര്‍ജന്റീന സമനില ഗോള്‍ കണ്ടെത്തിയെങ്കിലും കാണികള്‍ ഗ്രൗണ്ട് കൈയേറുകയും അക്രമം അഴിച്ചുവിടുകയും ചെയ്തശേഷം ഒന്നര മണിക്കൂര്‍ കഴിഞ്ഞ് വിഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) ആ ഗോള്‍ നിഷേധിക്കുകയായിരുന്നു. അതോടെ അര്‍ജന്റീനയ്ക്ക് മൊറോക്കോയ്‌ക്കെതിരേ 1-2ന്റെ ഞെട്ടിക്കുന്ന തോല്‍വി. ഫുട്‌ബോള്‍ ലോകം ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചയാണ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ കണ്ടത്. 116-ം മിനുട്ടില്‍ അര്‍ജന്റീന മെദീനയിലൂടെ സമനില ഗോള്‍ നേടിയപ്പോള്‍ കളി കഴിഞ്ഞെന്നാണ് എല്ലാവരും കരുതിയത്. മത്സരം കഴിഞ്ഞ് ഒന്നരമണിക്കൂര്‍ കഴിഞ്ഞ് വാര്‍ വിധി വന്നു. ആ ഗോള്‍ ഓഫ്‌സൈഡ് ആയിരുന്നു എന്ന്. അതുവരെ കളിയുടെ ഫലം കാത്ത് താരങ്ങള്‍ ഡഗൗട്ടില്‍ നില്‍ക്കേണ്ടി വന്നു.
ഗോള്‍ നിഷേധിക്കപ്പെട്ടതോടെ 2-2 എന്ന സമനിലയില്‍ അവസാനിച്ചെന്നു കരുതിയ കളി 2-1 എന്നായി. കളി പുനരാരംഭിച്ച് 3 മിനുട്ട് കൂടെ കളിച്ച് മൊറോക്കോ 2-1ന് കളി ജയിച്ചു. ആരാധകര്‍ അര്‍ജന്റീനയുടെ ഗോള്‍ വന്നപ്പോള്‍ ഗ്രൗണ്ടില്‍ ഇറങ്ങി പ്രശ്‌നം ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ ആരാധകരെ പൂര്‍ണ്ണമായും പുറത്താക്കിയാണ് കളി പുനരാരംഭിച്ചത്.
ഒളിമ്പിക്‌സ് പുരുഷ ഫുട്‌ബോളിലെ ആദ്യ മത്സരമായിരുന്നു ഇത്. ഇന്ന് മൊറോക്കെയെ നേരിട്ട അര്‍ജന്റീന തുടക്കത്തില്‍ രണ്ട് ഗോളിന് പിറകില്‍ പോയ ശേഷം ശക്തമായി തിരിച്ചടിച്ച് 2-2 സമനില സ്വന്തമാക്കി എന്ന് കരുതിയതായിരുന്നു.