ഡല്ലാസ്: ട്വന്റി 20 ലോകകപ്പിൽ വൻ അട്ടിമറി. മുൻ ചാമ്പ്യന്മാരായ പാകിസ്ഥാനെ ലോകകപ്പിലെ കന്നിക്കാരായ അമേരിക്ക അട്ടിമറിച്ചു. സൂപ്പർ ഓവർ വരെ നീണ്ട ആവേശത്തിനൊടുവിലായിരുന്നു അമേരിക്കയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അതേ സ്‌കോറിലെത്തി. പിന്നാലെ സൂപ്പര്‍ ഓവറിൽ അമേരിക്ക 18 റൺസെടുത്തു. മറുപടിക്കിറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനാണ് സാധിച്ചത്.
നേരത്തെ ബാബര്‍ അസം 44, ഷദാബ് ഖാന്‍ 40, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷഹീൻ അഫ്രീദി പുറത്താകാതെ നേടിയ 23 തുടങ്ങിയ സ്കോറുകളാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. യുഎസിന് വേണ്ടി നൊസ്തുഷ് കെഞിഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി. യു എസ് അനായാസം തിരിച്ചടിച്ചു. 38 പന്തില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റൻ മൊനാങ്ക് പട്ടേൽ അമേരിക്കൻ സംഘത്തെ മുന്നിൽ നിന്ന് നയിച്ചു. സ്റ്റീവന്‍ ടെയ്‌ലര്‍ 12 ആന്‍ഡ്രീസ് ഗൗസ് 35 എന്നിവർ പിന്തുണ നൽകി. അവസാന ഓവറുകളിൽ നിതീഷ് കുമാറിനെ കൂട്ടുപിടിച്ച് 36 റൺസെടുത്ത ആരോണ്‍ ജോണ്‍സ് ആണ് യുഎസിനെ പാക് സ്കോറിന് ഒപ്പമെത്തിച്ചത്.
സൂപ്പര്‍ ഓവറിൽ പാകിസ്താനായി മുഹമ്മദ് ആമിർ പന്തെറിഞ്ഞു. യു എസ് താരങ്ങൾ 10 റൺസ് അടിച്ചെടുത്തപ്പോൾ ആമിർ എട്ട് റൺസ് വൈഡായി എറിഞ്ഞുനൽകി. 19 റൺസിന്റെ ലക്ഷ്യം ഫഖര്‍ സമാനും ഇഫ്തികര്‍ അഹമ്മദും ഷദാബ് ഖാനും കൂടി ശ്രമിച്ചിട്ടും എത്തിപ്പിടിക്കാനായില്ല. ഇതോടെ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം നേടിയ അമേരിക്ക സൂപ്പർ എട്ട് പ്രതീക്ഷകളും സജീവമാക്കി.