ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും മുന്‍ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചും തമ്മിലുള്ള ശമ്പള കരാര്‍ തര്‍ക്കം ഒത്തുതീര്‍പ്പായി. നാല് ലക്ഷം ഡോളര്‍, ഏകദേശം 3.36 കോടി രൂപ ഇഗോര്‍ സ്റ്റിമാച്ചിന് നഷ്ടപരിഹാരമായി നല്‍കാന്‍ എഐഎഫ്എഫ് സമ്മതിച്ചതോടെയാണ് തര്‍ക്കം അവസാനിച്ചത്. 2026 ലോകകപ്പ് യോഗ്യത റൗണ്ടിലെ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് പരിശീലക സ്ഥാനത്ത് നിന്നും സ്റ്റിമാച്ചിനെ മാറ്റുന്നത്. എന്നാല്‍ 2026 വരെ കരാറുണ്ടായിരുന്ന സ്റ്റിമാച്ച് രണ്ട് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ ഒമ്പത് ലക്ഷം ഡോളര്‍ എഐഎഫ്എഫിനോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്‍കാന്‍ എഐഎഫ്എഫ് തയ്യാറാവാത്തതോടെ സ്റ്റിമാച്ച് നിയമപോരാട്ടത്തിലേക്ക് കടന്നു. ശേഷം നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് താന്‍ ആവശ്യപ്പെട്ട തുകയുടെ പകുതിയിലേക്ക് സ്റ്റിമാച്ച് ഒത്തുതീര്‍പ്പിലെത്തിയത്.
സ്റ്റിമാച്ചിനു കീഴില്‍ കഴിഞ്ഞവര്‍ഷം ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളില്‍ ഇടം പിടിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നെങ്കിലും പിന്നീട് 124 ാം സ്ഥാനത്തേക്ക് വരെ കൂപ്പുകുത്തിയിരുന്നു . ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്, ത്രിരാഷ്ട്ര ടൂര്‍ണമെന്റ്, സാഫ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ടീമിന് ഏഷ്യ കപ്പിലും ലോകകപ്പ് യോഗ്യത റൗണ്ടിലും തിളങ്ങാനായിരുന്നില്ല. 2019 ലായിരുന്നു സ്റ്റിമാച്ച് ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകനായി സ്ഥാനമേല്‍ക്കുന്നത്. സ്പാനിഷ് പരിശീലകനായ മനോലോ മാര്‍ക്വേസാണ് ഇപ്പോള്‍ ഇന്ത്യയുടെ പുതിയ പരിശീലകന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ എഫ്‌സി ഗോവയുടെ പരിശീലകനായിരുന്നു മുമ്പ് മാര്‍ക്വേസ്.