ലോകകപ്പ് ബംഗ്ലാദേശിനെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ വിജയിച്ച് അഫ്ഗാനിസ്ഥാന്‍ സെമിഫൈനലിലേക്ക് യോഗ്യത നേടി. പുതുനേട്ടമാണ് അഫ്ഗാന്‍ ടി20 ലോകകപ്പില്‍ നേടിയത്. ടി20 ലോകകപ്പില്‍ ഇതാദ്യമായാണ് അഫ്ഗാനിസ്ഥാന്‍ സെമിഫൈനല്‍ യോഗ്യത നേടുന്നത്. കുഞ്ഞന്‍ ടീമിന്റെ അട്ടിമറി വിജയമെന്നൊക്കെ പറയാതെ ഇത് ഇവര്‍ പൊരുതി നേടിയ വിജയം തന്നെയെന്ന് അക്ഷരം തെറ്റാതെ പറയാം. ഇന്ന് നടന്ന മത്സരത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച് 8 റണ്‍സിനാണ് അഫ്ഗാന്‍ മുന്നേറിയത്. അഫ്ഗാനിസ്ഥാന്റെ ത്രസിപ്പിക്കുന്ന വിജയത്തില്‍ വമ്പന്മാര്‍ വരെയാണ് മുട്ടുകുട്ടിയത്. അഫ്ഗാനിസ്ഥാന്റെ വിജയത്തോടെ ഓസ്‌ട്രേലിയയും ബംഗ്ലാദേളും മത്സരത്തില്‍ നിന്ന് പുറത്തായി.
ലോകകപ്പ് ടീമിന്റെ ഗ്രൂപ്പ് സിയിലായിരുന്നു അഫ്ഗാന്‍ ഉള്‍പ്പെട്ടത്. ഉഗാണ്ട, പാപുവ ന്യൂഗിനിയുമായി ഏറ്റുമുട്ടി ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായാണ് സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്. സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് ഒന്നിലാണ് അഫ്ഗാന്‍ ഉണ്ടായിരുന്നത്. ഇന്ത്യ, ഓസ്ട്രേലിയ, ബംഗ്ലാദേശ് ടീമുകളാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. സൂപ്പര്‍ എട്ടില്‍ കുഞ്ഞന്‍ ടീമിന്റെ ഒട്ടും പ്രതീക്ഷിക്കാത്ത പ്രകടനങ്ങളായിരുന്നു പുറത്തുവന്നിരുന്നത്.
സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീമുമായി പരാജയപ്പെട്ടെങ്കിലും വാശിയേറിയ പോരാട്ടമായിരുന്നു ടീം കാഴ്ചവെച്ചത്. വമ്പന്മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി കുഞ്ഞന്‍ ടീം ശക്തരാണെന്ന് എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു. ഇന്ന് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഇറങ്ങുമ്പോള്‍ വിജയം മാത്രമായിരുന്നു ടീമിന്റെ ലക്ഷ്യം. സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ദക്ഷിണാഫ്രിക്കയേയും കീഴടക്കി റാഷിദ് ഖാനും സംഘവും ഫൈനലിലേക്ക് കുതിക്കുമോയെന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.