കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സിഇഒ ആയി അഭിക് ചാറ്റര്‍ജിയെ നിയമിച്ചു

2020-21 സീസണ്‍ മുതല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നിഖില്‍ ബി നിമ്മഗദ്ദ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

author-image
anumol ps
New Update
abhik

 

 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അഭിക് ചാറ്റര്‍ജിയെ നിയമിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സിഇഒ ആയി അഭിക് ചാറ്റർജി വ്യാഴാഴ്ച ചുമതലയേൽക്കും. ക്ലബ്ബിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ആരാധകരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലുമുള്‍പ്പെടെ ഫീല്‍ഡിലും ഫീല്‍ഡിന് പുറത്തുമുള്ള മികച്ച പ്രകടനം ഉറപ്പാക്കുന്നതിനുള്ള ക്ലബിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ നിയമനം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഫത്തേഹ് ഹൈദരബാദ് എഎഫ്‌സി, ഒഡീഷ എഫ്‌സി എന്നീ ക്ലബുകളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തോടെയാണ് അഭിക് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. കൂടാതെ, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സൂപ്പര്‍ ലീഗ് കേരളയില്‍ ലീഗ് ആന്‍ഡ് ടെക്‌നിക്കല്‍ ഓപ്പറേഷന്‍സിന്റെയും മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. 

ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് അഭിക് പറഞ്ഞു. ''കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാള്‍ ക്ലബിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നിഖിലിനോടും മറ്റ് ക്ലബ് ബോര്‍ഡ് അംഗങ്ങളോടും നന്ദി അറിയിക്കുന്നു. ആ വിശ്വാസം നിലനിര്‍ത്തുവാന്‍ ഞാന്‍ എന്റെ മുഴുവന്‍ പ്രയത്‌നങ്ങളും സമര്‍പ്പിക്കും. മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ ഏറ്റവും മികച്ച വിജയം തന്നെ ക്ലബിന് കൈവരിക്കാനാവണം, അതാണ് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിനെ ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന എല്ലാ ആരാധകര്‍ക്കും ആ സന്തോഷവും അഭിമാനവും നല്‍കുന്നതിനായി ഞങ്ങള്‍ കഠിന പരിശ്രമം ചെയ്യും.'' എന്ന് അഭിക് ചാറ്റര്‍ജി പറഞ്ഞു.

2020-21 സീസണ്‍ മുതല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നിഖില്‍ ബി നിമ്മഗദ്ദ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.  ക്ലബ്ബിന്റെ ഫുട്ബോള്‍, വാണിജ്യ, പ്രകടന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സ്പോര്‍ട്ടിംഗ് ഡയറക്ടറുമായും മാനേജ്മെന്റ് ടീമുമായും അദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിക്കും. 

ceo Kerala Blasters abhik chatterjee