ഒരു മത്സരത്തില്‍ സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും; താരമായി അഗ്നിദേവ്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് പ്രശസ്ത ബോളിവുഡ് സംവിധായകനും ഹിറ്റ് സിനിമകളുടെ നിര്‍മാതാവുമായ വിധു വിനോദ് ചോപ്രയുടെ മകന്‍ അഗ്‌നിദേവ് ചോപ്ര.

author-image
Prana
New Update
agnidev .jpg

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് പ്രശസ്ത ബോളിവുഡ് സംവിധായകനും ഹിറ്റ് സിനിമകളുടെ നിര്‍മാതാവുമായ വിധു വിനോദ് ചോപ്രയുടെ മകന്‍ അഗ്‌നിദേവ് ചോപ്ര. മിസോറാമിനായി കളിക്കുന്ന അഗ്‌നിദേവ് അരുണാചല്‍ പ്രദേശിനെതിരെ നടന്ന മത്സരത്തിലാണ് നേട്ടം കൊയ്തത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയും രണ്ടാമിന്നിങ്‌സില്‍ ഡബിള്‍ സെഞ്ചുറിയും നേടിയാണ് നേട്ടം സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ തന്നെ സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് അഗ്‌നിദേവ് സ്വന്തമാക്കിയത്.
രഞ്ജിയില്‍ 2024-25 സീസണില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 348 റണ്‍സാണ് താരം അടിച്ചെടുത്തത്. അരുണാചലിനെതിരേ ആദ്യ ഇന്നിങ്‌സില്‍ 110 റണ്‍സ് അടിച്ചെടുത്ത താരം രണ്ടാമിന്നിങ്‌സില്‍ 238 റണ്‍സുമെടുത്തു. അതോടെയാണ് അഗ്‌നിദേവ് റെക്കോഡ് ബുക്കിലിടം പിടിച്ചത്. മത്സരത്തില്‍ 267 റണ്‍സിന്റെ കൂറ്റന്‍ ജയവും മിസോറാം സ്വന്തമാക്കി.
അടുത്തിടെ ഹിറ്റായ ഹിന്ദി ചിത്രം 12ത് ഫെയിലിന്റെ സംവിധായകനാണ് വിധു വിനോദ് ചോപ്ര. പരിന്ത, 1942 എ ലവ് സ്‌റ്റോറി (1994), മിഷന്‍ കശ്മീര്‍ (2000) തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകന്‍ എന്നതിനൊപ്പം തന്നെ നിര്‍മാണരംഗത്തും സജീവമാണ് വിധു വിനോദ് ചോപ്ര. നാല് ദേശീയ അവാര്‍ഡുകളും 11 ഫിലിംഫെയര്‍ അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. അതുപോലെ മുന്നാ ബായ് സീരീസ്, 3 ഇഡിയറ്റ്‌സ്, പികെ, സഞ്ജു തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചതും വിധു വിനോദ് ചോപ്രയാണ്.

record cricket son bollywood producer mizoram