ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച രണ്ട് ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.ഇവരില്‍ ആരാണ് ഏറ്റവും മികച്ചത് എന്നുപറയുക അത്ര എളുപ്പമല്ല. രണ്ട് പേരും തങ്ങളുടേതായ കഴിവുകള്‍ക്കൊണ്ട് ഫുട്‌ബോള്‍ ലോകത്തെ അടക്കി ഭരിക്കുകയാണ്.നിലവിൽ കരിയറിന്റെ നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് ഇരുവരും കടന്ന് പോകുന്നത്.മെസി അടുത്ത ലോകകപ്പ് കളിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ റൊണാള്‍ഡോ വിരമിക്കല്‍ സൂചനകള്‍ ഇതിനകം നല്‍കി കഴിഞ്ഞു.
നിലവിലെ കണക്കുകള്‍ പ്രകാരം മെസി റൊണാള്‍ഡോയേക്കാള്‍ ഒരുപടി മുകളിലാണെന്ന് പറയാം. അര്‍ജന്റീനയെ ലോകകപ്പ് കിരീടം ചൂടിച്ച മെസി ബാലന്‍ദ്യോര്‍ പുരസ്‌കാരങ്ങളിലും റൊണാള്‍ഡോയേക്കാള്‍ മുന്നിലാണ്. എന്നാല്‍ റൊണാള്‍ഡോ ആരാധകര്‍ പലപ്പോഴും ഇത് അംഗീകരിക്കാറില്ലെന്നതാണ് വസ്തുത. എന്നാല്‍ കണക്കുകളില്‍ മെസിക്ക് മുന്‍തൂക്കമുണ്ടെന്നതാണ് വസ്തുത. പക്ഷെ മെസി ഒരിക്കലും തകര്‍ക്കാത്ത റൊണാള്‍ഡോയുടെ ചില റെക്കോഡുകളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയ്ക്ക് അതുല്യ റെക്കോഡുകളാണുള്ളത്. റൊണാള്‍ഡോയുടെ പല റെക്കോഡുകളും ഒരിക്കലും തകര്‍ക്കപ്പെടാത്തവയാണെന്ന് പറയാം. ചാമ്പ്യന്‍സ് ലീഗിന്റെ ഒരു സീസണില്‍ കൂടുതല്‍ ഗോളെന്ന റൊണാള്‍ഡോയുടെ റെക്കോഡ് മറികടക്കാന്‍ മെസിക്ക് സാധിച്ചിട്ടില്ല. 2015-16 സീസണില്‍ 17 ഗോളുകളോടെയാണ് റൊണാള്‍ഡോ മിന്നിച്ചത്. മെസിയുടെ മികച്ച ചാമ്പ്യന്‍സ് ലീഗ് സീസണ്‍ 2011-12 ലാണ്. 14 ഗോളുകളാണ് മെസി നേടിയത്. നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുന്ന മെസിക്ക് ഇനി റൊണാള്‍ഡോയുടെ ഈ റെക്കോഡ് തകര്‍ക്കാനുള്ള ബാല്യമില്ലെന്ന് പറയാം.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിനൊപ്പം ഒരു സമയത്ത് വലിയ ഗോള്‍ വേട്ടയാണ് നടത്തിയിരുന്നത്. ലാലിഗയില്‍ റയലിനൊപ്പം കസറിയിരുന്ന റൊണാള്‍ഡോ തുടര്‍ച്ചയായി ആറ് സീസണില്‍ 50ലധികം ഗോള്‍ നേടിയിട്ടുണ്ട്. 2011 മുതല്‍ 2016വരെയാണ് റൊണാള്‍ഡോയുടെ കുതിപ്പ്. എന്നാല്‍ മെസിക്ക് ഇത്തരമൊരു നേട്ടം സ്വന്തമാക്കാനായിട്ടില്ല. മെസിയേക്കാളും മികച്ച ഫിറ്റ്‌നസുള്ള താരമാണ് റൊണാള്‍ഡോ. മെസി പലപ്പോഴും പരിക്കിന്റെ പിടിയിലായിരുന്നതിനാല്‍ ഈ റെക്കോഡില്‍ സിആര്‍7നെ വെല്ലാനായില്ല. ഇനി മറികടക്കാനും സാധിക്കില്ലെന്ന് പറയാം.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കൂടുതല്‍ അസിസ്റ്റ് എന്ന റൊണാള്‍ഡോയുടെ റെക്കോഡിനെ മറികടക്കാനും മെസിക്ക് സാധിക്കില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റ്‌സ് എന്നീ ടീമുകള്‍ക്കായി 42 അസിസ്റ്റുകളാണ് റൊണാള്‍ഡോ നടത്തിയത്. ബാഴ്‌സലോണ, പിഎസ്ജി താരമായിരുന്ന മെസി 40 അസിസ്റ്റാണ് നടത്തിയത്. മെസിയെക്കാളും ഒരു പടി മുകളിലാണ് റൊണാള്‍ഡോ. ഈ റെക്കോഡിലും മെസി റൊണാള്‍ഡോക്ക് പിന്നില്‍ നില്‍ക്കേണ്ടി വരും.
അതെസമയം യൂറോപ്യന്‍ ക്ലബ്ബ് ടൂര്‍ണമെന്റുകളില്‍ കൂടുതല്‍ ഗോളെന്ന റെക്കോഡില്‍ റൊണാള്‍ഡോയാണ് തലപ്പത്ത്. 192 മത്സരത്തില്‍ നിന്ന് 144 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. മെസി 132 ഗോളുകളാണ് അടിച്ചെടുത്തത്. ഇരുവരും ഇപ്പോള്‍ യൂറോപ്യന്‍ ഫുട്‌ബോളിനോട് പൂര്‍ണ്ണമായും വിട പറഞ്ഞ അവസ്ഥയാണ്. അതുകൊണ്ടുതന്നെ മെസിക്ക് ഇനി റൊണാള്‍ഡോയുടെ റെക്കോഡിനെ മറികടക്കുക പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.