ഗ്വാളിയോർ: ഞായറാഴ്ച ബംഗ്ലാദേശുമായി ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പര ഇന്ത്യയുടെ ചില താരങ്ങളെ സംബന്ധിച്ച് ഏറെ നിർണായകമാണ്. കളിക്കളത്തിലെ കഴിവ് തെളിയിക്കുന്നതിനൊപ്പം കോച്ച് ഗൗതം ഗംഭീറിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള അവസരം കൂടിയാണിത്.സൂര്യകുമാർ യാദവിനു കീഴിൽ യുവതാരങ്ങൾക്കു മുൻതൂക്കം നൽകിയുള്ള ടീമിനെയാണ് ടി20 പരമ്പരയ്ക്കായി ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളത്.
മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കാണ് ഇന്ത്യ ഇപ്പോൾ ബംഗ്ലാദേശിനെതിരെ ആതിഥേയത്വം വഹിക്കുന്നത്. ഈ പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബർ ആറിന് ഗ്വാളിയോറിൽ നടക്കും. വരുൺ ചക്രവർത്തിയെപ്പോലുള്ള കളിക്കാർ സജ്ജീകരണത്തിൽ തിരിച്ചുവരവ് നടത്തുമ്പോൾ, വരാനിരിക്കുന്ന പരമ്പരയ്ക്കായി ഇന്ത്യ ഏതാനും വളർന്നുവരുന്ന താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൻ്റെ ഒരു നോട്ടം ഇതാ -
ടെസ്റ്റിൽ ടീമിലെ നിർണായക സാന്നിധ്യമായിട്ടുള്ള താരങ്ങൾക്കെല്ലാം ടി20 പരമ്പരയിൽ ഇന്ത്യ വിശ്രമം നൽകിയിരിക്കുകയാണ്. ഇതാണ് കൂടുതൽ യുവതാരങ്ങൾക്കും പുതുമുഖങ്ങൾക്കുമെല്ലാം പരമ്പരയിലേക്കു വഴി തുറന്നിരിക്കുന്നത്. ഇവരിൽ ചില താരങ്ങളെ ഗംഭീർ ഏറെ ശ്രദ്ധിക്കുമെന്നുറപ്പാണ്.ഈ പരമ്പയിൽ ലഭിക്കുന്ന അവസരങ്ങൾ നന്നായി മുതലെടുക്കാൻ സാധിച്ചാൽ ഭാവിയിൽ കൂടുതൽ അവസരങ്ങളും ഇവരെ തേടിയെത്തും. ടി20 പരമ്പരയിൽ ഗംഭീർ ഏറ്റവുമധികം ശ്രദ്ധിക്കാനിടയുള്ള മൂന്നു താരങ്ങൾ ആരൊക്കെയാണെന്നു നോക്കാം.
മായങ്ക് യാദവ്
പുതുമുഖ ഫാസ്റ്റ് ബൗളർ മായങ്ക് യാദവാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാൾ. കഴിഞ്ഞ ഐപിഎല്ലിലൂടെ അരങ്ങേറിയ താരമാണ് അദ്ദേഹം. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളിലൂടെ മായങ്ക് കൈയടി നേടുകയും ചെയ്തു. 150 കിമിക്കു മുകളിൽ വേഗതയിൽ തുടർച്ചയായി പന്തെറിഞ്ഞതോടെയാണ് അദ്ദേഹത്തെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്.
മികച്ച വേഗതയ്‌ക്കൊപ്പം ബൗളിങിലെ കണിശതയും മായങ്കിനെ അപകടകാരിയാക്കി മാറ്റുന്നു. ഐപിഎല്ലിൽ വെറും നാലു മൽസരങ്ങളിൽ മാത്രമേ പേസർക്കു കളിക്കാനായുള്ളൂ. ഇവയിൽ നിന്നും ഏഴു വിക്കറ്റുകളും വീഴ്ത്തി. പിന്നാലെ പരിക്കു കാരണം മായങ്കിനു പിൻമാറേണ്ടി വരികയായിരുന്നു.
ഭാവിയിൽ ഇന്ത്യൻ പേസ് ബൗളിങിനു ചുക്കാൻ പിടിക്കാൻ ശേഷിയുള്ള ബൗളർമാരിൽ ഒരാളായാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാൽ തന്നെ ബംഗ്ലാദേശിനെതിരേ മായങ്കിനെ വളർത്തിയെടുക്കാനായിരിക്കും ഗംഭീറിന്റെ പ്ലാൻ. ഒപ്പം താരത്തെ പരിക്കേൽക്കാതെ സംരക്ഷിക്കേണ്ടതും ആവശ്യമാണ്.
നിതീഷ് കുമാർ റെഡ്ഡി
കഴിഞ്ഞ ഐപിഎല്ലിലെ മറ്റൊരു കണ്ടെത്തലാണ് യുവ സീം ബൗളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി. ഐപിഎല്ലിലെ എമേർജിങ് താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇതാദ്യമായിട്ടാണ് ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഭാഗമായിരിക്കുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനായി കഴിഞ്ഞ ഐപിഎല്ലിൽ 11 മൽസരങ്ങളിലാണ് നിതീഷ് കളിച്ചത്. ഇവയിൽ നിന്നും 142.90 സ്‌ട്രൈക്ക് റേറ്റോടെ 303 റൺസ് അദ്ദേഹം നേടുകയും ചെയ്തു. കൂടാതെ ബൗളിങിൽ മൂന്നു വിക്കറ്റുകളും നിതീക്ഷിനു ലഭിച്ചു.
ഹാർദിക് പാണ്ഡ്യയെ മാറ്റിനിർത്തിയാൽ മികച്ചൊരു സീം ബൗളിങ് ഓൾറൗണ്ടറുടെ അഭാവം ഇന്ത്യക്കുണ്ട്. ഈ റോളിലേക്കു ഗൗതം ഗംഭീർ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന താരമാണ് നിതീഷ്. ബംഗ്ലാേദശിനെതിരേ ബാറ്റിങിനൊപ്പം ബൗളിങിലും തന്റെ കഴിവ് തെളിയിക്കാൻ അദ്ദേഹത്തിനു അവസരം ലഭിച്ചേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഇതു മുതലാക്കാൻ നിതീഷ് ശ്രമിക്കേണ്ടതുണ്ട്.
ഹർഷിത് റാണ
ഇന്ത്യൻ പേസ് ബൗളിങിലെ ഭാവി പ്രതീക്ഷകളിലൊരാളായ ഹർഷിത് റാണയാണ് ലിസ്റ്റിലെ മൂന്നാമത്തെ താരം. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ കെകെആറിന്റെ കിരീടവിജയത്തിലും നിർണായക പങ്കുവഹിക്കാൻ ഹർഷിത്തിനായിരുന്നു.
13 മൽസരങ്ങളിൽ നിന്നും 19 വിക്കറ്റുകളാണ് സീസണിൽ അദ്ദേഹം വീഴ്ത്തിയത്.ന്യൂബോൾ കൊണ്ട് വിക്കറ്റുകളെടുക്കാനുള്ള കഴിവാണ് ഹർഷിത്തിനെ അപകടകാരിയാക്കുന്നത്. കൂടാതെ ഡെത്ത് ഓവറുകളിലും മികച്ച നിയന്ത്രണത്തോടെ പന്തെറിയാനും വിക്കറ്റുകളെടുക്കാനും അദ്ദേഹത്തിനു സാധിക്കുകയും ചെയ്യുന്നു.
ഭാവിയിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ പിൻഗാമിയായി ഉയർന്നുവരാൻ ഹർഷിത്തിനു സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ ബംഗ്ലാദേശിനെതിരേ അദ്ദേഹത്തിന്റെ പ്രകടനം ഗംഭീർ വിലയിരുത്തുമെന്നും ഉറപ്പാണ്.