മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ ലേലം ഉയൻ ആരംഭിക്കും.അതിന് മുമ്പ് തന്നെ അവസാന സീസണിലെ പിഴവുകൾ നികത്തി ശക്തമായ ടീമിനെ സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ഐപിഎൽ ടീമുകൾ. ഇതിനായുള്ള തയ്യാറെടുപ്പുകളും നീക്കങ്ങളും ഇതിനോടകം തന്നെ എല്ലാ ടീമുകൾ ആരംഭിച്ചു കഴിഞ്ഞു.
പല കൂടുമാറ്റ ചർച്ചകളും സജീവമാണ്. ആരാധകരെ ഞെട്ടിപ്പിക്കുന്ന ചില കൂടുമാറ്റങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതെല്ലാം ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതായുണ്ട്.എന്നാൽ ചില താരങ്ങൾ മെഗാ ലേലംവരെ കാത്ത് നിൽക്കാതെ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.ഇത്തരത്തിൽ ലേലത്തിന് മുമ്പ് വിരമിക്കൽ പ്രഖ്യാപിക്കാൻ സാധ്യതയുള്ള താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
ധോണി
നിലവിൽ റുതുരാജ് ഗെയ്ക് വാദിനെ സിഎസ്‌കെയുടെ നായകസ്ഥാനത്തേക്കെത്തിച്ചിട്ടുണ്ട്. അടുത്ത സീസണിലും ധോണി കളിക്കുമെന്ന പ്രതീക്ഷ എല്ലാവരും പങ്കുവെക്കുമ്പോഴും ഇനിയും ബാല്യം ധോണിക്ക് ശേഷിക്കുന്നുണ്ടോയെന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്.ധോണി ടീമിൽ തുടരുന്നത് സഹതാരങ്ങൾക്കും ആരാധകർക്കും വലിയ ആവേശമാണെങ്കിലും ധോണിയെ പിന്തുണക്കുമ്പോൾ മികച്ചൊരു ബാറ്റ്‌സ്മാനെ കളിപ്പിക്കാനുള്ള അവസരമാണ് നഷ്ടമാവുന്നത്.തന്റെ വിരമിക്കലുകൾ അപ്രതീക്ഷിതമായി പങ്കുവെക്കുന്നതാണ് ധോണിയുടെ രീതി. അതുകൊണ്ടുതന്നെ മെഗാ ലേലത്തിന് മുമ്പ് തന്നെ ധോണി വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
ശിഖർ ധവാൻ
ശിഖർ ധവാനാണ് മറ്റൊരാൾ. ഐപിഎല്ലിൽ മികച്ച റെക്കോഡുള്ള താരമാണ് ധവാൻ. പഞ്ചാബ് കിങ്‌സിന്റെ നായകൻ കൂടിയായ ധവാൻ കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.എന്നാൽ പ്രായവും ഫിറ്റ്‌നസും അദ്ദേഹത്തെ തളർത്തുകയാണ്. അവസാന സീസണിൽ പരിക്ക് മൂലം മിക്ക മത്സരങ്ങളും ധവാന് നഷ്ടമായിരുന്നു. പിന്നെ പഴയതുപോലെ കടന്നാക്രമിച്ച് കളിക്കാൻ ധവാന് സാധിക്കുന്നില്ലെന്നതാണ് മറ്റൊരു കാരണം.ധവാന്റെ സ്‌ട്രൈക്ക് റേറ്റും മോശമാണ്. അടുത്ത സീസണിൽ പഞ്ചാബ് ധവാനെ നിലനിർത്തില്ലെന്നത് ഏറെകുറെ ഉറപ്പാണ്. മെഗാ ലേലത്തിലേക്കെത്തിയാൽ ധവാൻ അൺസോൾഡാവാൻ സാധ്യതയുണ്ട്. ഇതെല്ലാം മുന്നിൽക്കണ്ട് ധവാൻ വിരമിക്കൽ പ്രഖ്യാപിക്കാനാണ് കൂടുതൽ സാധ്യത.
വൃദ്ധിമാൻ സാഹ
വിരമിക്കാൻ സാധ്യതയുള്ള മറ്റൊരു താരമാണ് വൃദ്ധിമാൻ സാഹ.നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സാഹയുടെ സമീപകാല പ്രകടനങ്ങളെല്ലാം വളരെ മോശമായിരുന്നു.പരിക്കും താരത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് വിവരം.അവസാന സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സാഹ കാഴ്ചവെച്ചത്.അതുകൊണ്ടുതന്നെ സാഹയെ ഗുജറാത്ത് ഒഴിവാക്കാനാണ് സാധ്യത.അടുത്ത സീസണിലെ ലേലത്തിൽ സാഹയെ വാങ്ങാൻ ആരും തയ്യാറായേക്കില്ല.അതുകൊണ്ടുതന്നെ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കാനാണ് സാധ്യത.
ഉമേഷ് യാദവ്
ഉമേഷ് യാദവാണ് ഇക്കൂട്ടത്തിലെ മറ്റൊരു താരം. സീനിയർ പേസറായ ഉമേഷ് യാദവ് ഇന്ത്യൻ ടീമിന് പുറത്തായിട്ട് നാളുകളേറെയായി.ടെസ്റ്റ് ടീമിൽ പോലും ഇടമില്ലാത്ത ഉമേഷ് അവസാന സീസണിൽ ഗുജറാത്തിനൊപ്പമുണ്ടായിരുന്നു. എന്നാൽ വരുന്ന സീസണിൽ ഉമേഷിനെ ഗുജറാത്ത് നിലനിർത്തിയേക്കില്ല. ഈ സാഹചര്യത്തിൽ ലേലത്തിലേക്കെത്തിയാലും ഉമേഷിനെ ആരും വാങ്ങിയേക്കില്ല. അതുകൊണ്ടുതന്നെ താരം വിരമിക്കൽ പ്രഖ്യാപിക്കാനാണ് സാധ്യത.
ഡേവിഡ് വാർണർ
അതെസമയം ഡേവിഡ് വാർണർ വിരമിച്ചേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഇതിനോടകം ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് വാർണർ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. വിശ്രമ ജീവിതത്തിലേക്ക് കടക്കാൻ വാർണർ ആഗ്രഹിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ടുതന്നെ ഐപിഎല്ലിൽ നിന്ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ് വാർണർ. അടുത്ത സീസണിൽ വാർണറിനെ ഡൽഹി നിലനിർത്തില്ലെന്നാണ് വിവരം.