ന്യൂഡല്‍ഹി: രണ്ടാം ട്വന്റി 20-യില്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. 86 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കേ സ്വന്തമാക്കി. അര്‍ധ സെഞ്ചുറി പ്രകടനത്തിനൊപ്പം രണ്ടു വിക്കറ്റെടുക്കുകയും ചെയ്ത നിതീഷ് റെഡ്ഡി കളിയിലെ തിളങ്ങി.
ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 39 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത മഹ്‌മദുള്ള മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനിന്നത്. പര്‍വേസ് ഹുസൈന്‍ ഇമോന്‍ (16), ലിട്ടന്‍ ദാസ് (14), ക്യാപ്റ്റന്‍ നജ്മുല്‍ ഷാന്റോ (11), മെഹ്ദി ഹസന്‍ മിറാസ് (16) എന്നിവരെല്ലാം വമ്പന്‍ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്കായി പന്തെറിഞ്ഞ ഏഴു പേരും വിക്കറ്റുകള്‍ സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് നേടി. റിയാന്‍ പരാഗ്, മായങ്ക് യാദവ്, അഭിഷേക് ശര്‍മ്മ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തേ 34 പന്തില്‍ നിന്ന് ഏഴു സിക്‌സും നാല് ഫോറുമടക്കം 74 റണ്‍സെടുത്ത നിതീഷ് റെഡ്ഡി, 29 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 53 റണ്‍സെടുത്ത റിങ്കു സിങ്, 19 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്‌സ് മികവിലാണ് ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 221 റണ്‍സെടുത്തത്.
സഞ്ജുവിന്റേതടക്കം മൂന്ന് വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. ഒന്നാം ട്വന്റി 20-യില്‍ തിളങ്ങിയ സഞ്ജുവിന് ഇക്കുറി ഏഴ് പന്തില്‍ നിന്ന് പത്ത് റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാമത്തെ ഓവറില്‍ തന്നെ മടങ്ങി. ഓപ്പണര്‍ അഭിഷേക് ശര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. അഭിഷേക് പതിനൊന്ന് പന്തില്‍ പതിനഞ്ച് റണ്‍സും സൂര്യകുമാര്‍ യാദവ് പത്ത് പന്തില്‍ നിന്ന് എട്ട് റണ്‍സുമാണ് നേടിയത്.