സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ 12 അണ്‍കാപ്ഡ് മലയാളി താരങ്ങളും ഉണ്ടാകും. ആകെ 574 താരങ്ങള്‍ക്കു വേണ്ടിയാണ് മെഗാ ലേലം നടക്കുന്നത്. കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ എസ്. കുന്നുമ്മല്‍, ഷോണ്‍ റോജര്‍, സല്‍മാന്‍ നിസാര്‍, അബ്ദുല്‍ ബാസിത്, എം. അജ്‌നാസ്, അഭിഷേക് നായര്‍, എസ്. മിഥുന്‍, വൈശാഖ് ചന്ദ്രന്‍, വിഘ്‌നേഷ് പുത്തൂര്‍ എന്നിവരാണ് ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ച മലയാളി താരങ്ങള്‍. 30 ലക്ഷം രൂപയാണ് ഇവരുടെയെല്ലാം അടിസ്ഥാന വില.
35 വയസ്സുകാരനായ സച്ചിന്‍ ബേബി കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന സീസണില്‍ 528 റണ്‍സുമായി ടോപ് സ്‌കോററായിരുന്നു. കിരീടം നേടിയ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു സച്ചിന്‍. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനായി കളിച്ചിട്ടുള്ള സച്ചിന്‍ ബേബിക്കു ഇത്തവണയും ഐപിഎല്ലില്‍ അവസരം ലഭിക്കുമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ കളിച്ച വിഷ്ണു വിനോദിനു വേണ്ടിയും കൂടുതല്‍ ടീമുകള്‍ രംഗത്തുവരാന്‍ സാധ്യതയുണ്ട്. കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിനായി വിഷ്ണു സെഞ്ചറി നേടിയിരുന്നു. 366 ഇന്ത്യക്കാരും 208 വിദേശികളുമാണ് അന്തിമപട്ടികയിലുള്ളത്. ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചെഹല്‍, ആര്‍. അശ്വിന്‍, ആവേശ് ഖാന്‍ എന്നിവര്‍ക്ക് രണ്ടു കോടി രൂപയാണ് അടിസ്ഥാന വില. ജോസ് ബട്‌ലര്‍, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്റ്റോ തുടങ്ങിയ വിദേശ താരങ്ങള്‍ക്കും രണ്ടു കോടിയാണു വിലയിട്ടിരിക്കുന്നത്.