ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജ്ജുൻ നായകനാകുന്ന 'പുഷ്പ 2: ദ റൂൾ'.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.കിടിലൻ ടീസറിന് ശേഷം മലയാളി പ്രേക്ഷകർ ഒന്നടങ്കം ചർച്ച ചെയ്ത ഒന്നാണ് ടീസറിൽ ഫഹദ് ഫാസിൽ എവിടെയെന്ന്.ഭൻവർ സിംഗ് ഷെഖാവത്ത് എന്ന വില്ലൻ കഥപാത്രത്തെ കാണാൻ കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്നതായിരുന്നു ടീസർ.എന്നാൽ ഇപ്പോഴിതാ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാർത്തയാണ് താരം തന്നെ പങ്കുവച്ചിരിക്കുന്നത്.
സിനിമയുടെ ആദ്യഭാഗത്തേക്കാൾ കൂടുതൽ സ്ക്രീൻ ടൈം രണ്ടാം ഭാഗത്തിൽ ഭൻവർ സിംഗിന് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് ഫഹദിന്റെ വാക്കുകൾ. പുഷ്പയിലെ വില്ലന് രണ്ടാം ഭാഗത്ത് ക്രൂരതയും പരിപാടിയും ഒന്നും അല്ല, മറ്റൊരു ഇൻററെസ്റ്റിംഗ് ട്രാക്കാണ് പിടിച്ചിരിക്കുന്നതെന്നാണ് ഫഹദ് പറഞ്ഞത്.ഫഹദ് നായകനാകുന്ന ആവേശം സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ പുഷ്പ 2വിലെ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഇത് കേട്ടതോടെ ആരാധകരും ഏറെ പ്രതീക്ഷയിലും ആകാംശയിലുമാണ്.
ബോക്സ് ഓഫീസിൽ കുതിപ്പുനടത്തിയ ചിത്രത്തിന്റെ, രണ്ടാം ഭാഗമായ പുഷ്പ 2 2024 ഓഗസ്റ്റ് 15നാണ് ആഗോളതലത്തിൽ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടൻ സ്വീകരിക്കുക എന്നാണ് റിപ്പോർട്ട്.