ലോസ് ആഞ്ജലീസ് : ലോകവിസ്മയങ്ങളിൽ ഒന്നായിരുന്നു ആ ഭീമൻ കപ്പൽ. ഒരു ജനതയുടെ മുഴുവൻ അഭിമാനമായിരുന്നു ടൈറ്റാനിക് എന്ന പടുകൂറ്റൻ കപ്പൽ പിന്നീട് മഹാദുരന്തത്തിന്റെ ഓർമ്മയായി മാറുകയായിരുന്നു. 1912-ലെ ടൈറ്റാനിക് മഹാദുന്തം പിന്നീട് സ്‌ക്രീനിൽ എത്തിയത് ഒരു പ്രണയ കാവ്യമായാണ്. ജെയിംസ് കാമറൂണെന്ന സംവിധായകനെ ലോകസിനിമയിൽ വരച്ചുചേർത്ത ചിത്രംകൂടിയായിരുന്നു ടൈറ്റാനിക്.മഹാദുരന്തത്തിൽ തനിന്ന് രക്ഷപെട്ട റോസിന്റെ ഓർമ്മകളിലൂടെയാണ് പ്രേക്ഷകരെ കാമറൂൺ ടൈറ്റാനിക്കിലേയ്ക്ക് കൂട്ടിക്കോണ്ടുപോകുന്നത്.ഇന്നും എല്ലാവരും ഏറെ ആകാംശയോടെ കാണുന്ന ചിത്രമാണ് ടൈറ്റാനിക്.
ഇപ്പോഴിതാ വീണ്ടും ടൈറ്റാനികും ജാക്കും റോസും വാർത്തകളിൽ നിറയുകയാണ്.ലോകത്തെയാകെ ത്രസിപ്പിച്ച പ്രണയകഥ പറഞ്ഞ ടൈറ്റാനിക് സിനിമയ്ക്കായി ഉപയോഗിച്ച തടിക്കഷണം ലേലത്തിൽ വിറ്റുപോയത് 5.99 കോടിയ്ക്കാണ്. ടൈറ്റാനിക്കി’ന്റെ അന്ത്യരംഗങ്ങളിൽ നായിക റോസ് (കെയ്റ്റ് വിൻസ്‌ലെറ്റ്) രക്ഷപെടാൻ കാരണമായ വാതിൽപ്പലക യു.എസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്‌ഷൻസ് ആണ് ലേലത്തിനെത്തിച്ചത്.
ബാൾസ മരത്തിന്റെ പലകയാണ് സിനിമയിൽ വാതിലിനായി ഉപയോഗിച്ചത്. പലകയിൽ രണ്ടുപേർക്കിടമില്ലാത്തതിനാൽ റോസിന്റെ പങ്കാളി ജാക്ക് (ലിയൊനാർഡോ ഡി കാപ്രിയോ) വെള്ളത്തിൽ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു.
ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സംവിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രമാണ് ടൈറ്റാനിക്. 1959-ൽ ബെൻഹർ, പിന്നീട് 2003-ൽ ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് എന്നീ ചിത്രങ്ങളോടൊപ്പം, ഏറ്റവുമധികം ഓസ്കാർ പുരസ്‌കാരങ്ങൾ നേടി ടൈറ്റാനിക്. ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാർഷിക സമയത്ത് 2012 ഏപ്രിലിൽ ചിത്രത്തിന്റെ 3ഡി പതിപ്പ് പ്രദർശനത്തിനെത്തിയിരുന്നു.