ഷാരൂഖ് ഖാന്റെ കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'പഠാന്റെ' ആഗോള കളക്ഷന്‍ റെക്കോഡ് തകര്‍ത്ത് 'കല്‍ക്കി 2898 എ ഡി' മുന്നില്‍. നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനായെത്തിയ കല്‍ക്കിയുടെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 1100 കോടി പിന്നിട്ടു. ഇതോടെ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ പട്ടികയിലിടം നേടിയിട്ടുമുണ്ട്. സിനിമയുടെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസാണ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.
ജൂണ്‍ 27-ന് റിലീസ് ചെയ്ത ചിത്രം അഞ്ചാമത്തെ ആഴ്ച്ചയും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കളക്ഷനില്‍ മികച്ച തുടക്കം കുറിച്ച ചിത്രം തുടര്‍ന്നുള്ള ദിവസങ്ങളും റെക്കോര്‍ഡ് മുന്നേറ്റമാണ് നടത്തിയത്. റിലീസ് ചെയ്ത് വെറും ഇരുപത്തിയെട്ട് ദിവസങ്ങള്‍ക്കുള്ളില്‍, തെലുങ്കില്‍ വിസ്മയം തീര്‍ത്തുകൊണ്ടാണ് ആഗോളതലത്തില്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സിനിമയുടെ സ്ഥാനം തെലുങ്കില്‍ മൂന്നാമത്തേതും ദക്ഷിണേന്ത്യയില്‍ നാലാമത്തേതുമാണ്.
ബാഹുബലി 2: ദ കണ്‍ക്ലൂഷന്‍, കെജിഎഫ് ചാപ്റ്റര്‍ 2, ആര്‍ ആര്‍ ആര്‍, ജവാന്‍ എന്നീ ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ ബജറ്റിലൊരുങ്ങിയ സിനിമയാണ് കല്‍ക്കി. ഇതില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ബാഹുബലി 2: ദ കണ്‍ക്ലൂഷന്‍ 1416.9 കോടിയും കെജിഎഫ് ചാപ്റ്റര്‍ 2 1000.85 കോടിയും ആര്‍ ആര്‍ ആര്‍ 915.85 കോടിയും ജവാന്‍ 760 കോടിയും കല്‍ക്കി 739 കോടിയുമാണ് നേടിയിരിക്കുന്നത്.
ഇന്ത്യന്‍ മിത്തോളജിയായ മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി'.