തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് പുസ്തകമായി വായനക്കാരുടെ മുന്നിലേക്കെത്തുന്നു. ”ഫാംഗ്‌സ് ഓഫ് ഡെത്ത്” എ ട്രൂ സ്റ്റോറി ഓഫ് കേരള സ്നേക്ക് ബൈറ്റ് മർഡർ എന്ന പേരിലുള്ള പുസ്തകം അമരില്ലീസ് പബ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡ് മുൻ ഡിജിപി അലോക് ലാലും മകൻ മനാസ് ലാലും ചേർന്നാണ് പുസ്‌തകമെഴുതിയത്. ആമസോണിൽ പുസ്തകം ലഭ്യമാണ്. 399 രൂപയാണ് പുസ്തകത്തിൻ്റെ വില.
2020- മെയ് 6-നാണ് കൊല്ലം അഞ്ചലിൽ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. ജീവപര്യന്തം തടവിനാണ് സൂരജിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. കേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ട കല്ലുവാതുക്കൽ സ്വദേശി സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. പ്രതിയുടെ പ്രായവും കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ലയെന്നതുമാണ് സൂരജിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കാരണം.
ഉത്രവധക്കേസ് അന്വേഷണ സംഘത്തിലെ 11 പേർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം ലഭിച്ചിരുന്നു. മുൻ റൂറൽ എസ്.പി. ഹരിശങ്കർ അടക്കമുള്ള 11 പേർക്കാണ് ബഹുമതി ലഭിച്ചത്.