മലയാളത്തിന്റെ വിശ്വവിഖ്യാത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാല സഖി' പിറന്നിട്ട് എൺപത് വർഷം പൂർത്തിയായി. മജീദിന്റെയും സുഹറയുടെയും ജീവിതം വിവരിക്കുന്ന ഈ കഥ എൺപത് വർഷങ്ങൾക്ക് ശേഷവും മലയാളികളുടെ മനസ്സിൽ കൗതുകമായും തുടരുന്നു. സ്വതന്ത്ര സമരത്തിന്റെ ഭാഗമായി നാടുവിട്ട് കൊൽക്കത്തയിലെത്തിയപ്പോളാണ് ബഷീർ ഈ നോവലെഴുതുന്നത്. 1944 മെയ് മാസത്തിലാണ് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടുന്നത്.
മജീദിന്റെയും സുഹറയുടെയും ബാല്യ കാല അനുഭവങ്ങളിലൂടെയാണ് കഥ തുടങ്ങുന്നത്. ആണുങ്ങൾക്ക് എന്തും ചെയ്യാം എന്ന മജീദിന്റെ അവകാശത്തെയാണ് സുഹറ ചെറുത്തു തോല്പ്പിക്കുന്നത്. ' കൂർത്ത നഖങ്ങൾ വെച്ച് ഞാനിനിയും മാന്തും' എന്ന് ഭീഷണിപ്പെടുത്തിയാണ് സുഹറയുടെ ആയുധം. സുഹ്റയുടെയും മജീദിന്റെയും സൗഹൃദവും പ്രണയവുമെല്ലാം കഥയിൽ ഹൃദയഹാരിയായി കടന്നുവരുന്നുണ്ട്. ഇരുവരും വേർപിരിയുന്നതും പിന്നീട് കണ്ടുമുട്ടുന്നതും വികാര നിർഭരമായ അനുഭവമാണ് വായനക്കാർക്ക് നൽകുന്നത്. 'ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്' എന്ന വാക്ക് പ്രശസ്തമായതും ഈ കഥയിലൂടെയാണ്. ബാല്യകാല സഖിയെന്ന കഥ രണ്ട് തവണ സിനിമയുമായിട്ടുണ്ട്. 18 ഭാഷയിലേക്ക് കഥ വിവർത്തനം ചെയ്യുകയും ചെയ്തു.