പ്രതിരോധിക്കാം വാതരോഗങ്ങളെ.. ഒക്ടോബർ 12: ലോക ആർത്രൈറ്റിസ് ദിനം

ജുവനൈൽ ഇഡിയോപ്പതിക് ആർത്രൈറ്റിസ്, റുമാറ്റിക് ഫീവർ, കാവസാക്കി ഡിസീസ് എന്നീ വാതരോഗങ്ങൾ കുഞ്ഞുങ്ങളിൽ കൂടുതലായി കണ്ട് വരുന്നു.

author-image
anumol ps
New Update
doctor ramesh

 

 

തയ്യാറാക്കിയത്
ഡോ.രമേശ് ഭാസി
റുമറ്റോളജി വിഭാഗം മേധാവി ആസ്റ്റർ മിംസ്
കോഴിക്കോട് & രക്ഷാധികാരി - ഇന്ത്യൻ റുമറ്റോളജി അസ്സോസിയേഷൻ കേരളാ ചാപ്റ്റർ

 

എല്ലാ വർഷവും ഒക്ടോബർ 12-ന്  ലോക സന്ധിവാത ദിനമായി ആചരിക്കുകയാണെല്ലോ. റുമറ്റോളജി എന്ന വാതരോഗ ചികിത്സാ വിഭാഗത്തെയും വിവിധ തരം വാതരോഗങ്ങളെ കുറിച്ചും പൊതുജനങ്ങളിൽ  അവബോധം ഉണ്ടാക്കിയെടുക്കുക എന്നാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. റുമറ്റോയിഡ് ആർത്രൈറ്റിസ്, ലൂപ്പസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഗൗട്ട്, വാസ്‌കുലൈറ്റിസ്, സ്‌പോസ്‌പോണ്ടൈലോ ആർത്രോപ്പതി, തുടങ്ങി   ഏതാണ്ട് നൂറിന് മുകളിൽ  വാതരോഗങ്ങളുണ്ട്. ഇത്തരം വാതരോഗങ്ങളുടെ രോഗനിർണ്ണയം, നൂതന ചികിത്സാ രീതികൾ, തുടക്കത്തിലേയുള്ള രോഗനിർണ്ണയത്തിന്റേയും ശരിയായ ചികിത്സയുടേയും പ്രാധാന്യം, ദീർഘകാല ചികിത്സയെ കുറിച്ചും അതിനോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളെ കുറിച്ചും  ജനങ്ങളെ ബോധവൽക്കരിക്കുന്നതോടൊപ്പം വേദനാമുക്തമായതും തീർത്തും സാധാരണ  ജീവിതം നയിക്കുവാൻ രോഗിയെയും കുടുംബാംഗങ്ങളെയും ശാരീരികമായും മാനസികമായും തയ്യാറാക്കുക,തുടങ്ങി ഇതേ രോഗമുള്ളവർക്കും,രോഗലക്ഷണമുള്ളവർക്കും നല്ലൊരു ജീവിത അന്തരീക്ഷം രൂപപ്പെടുത്തുക എന്നതാണ് ഇത്തരം ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

വാതരോഗങ്ങൾ മുതിർന്നവരെ മാത്രമല്ല കുഞ്ഞുങ്ങളെയും ബാധിക്കുന്നുണ്ട്. ജുവനൈൽ ഇഡിയോപ്പതിക് ആർത്രൈറ്റിസ്, റുമാറ്റിക് ഫീവർ, കാവസാക്കി ഡിസീസ് എന്നീ വാതരോഗങ്ങൾ കുഞ്ഞുങ്ങളിൽ കൂടുതലായി കണ്ട് വരുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് റുമറ്റോയിഡ് ആർത്രൈറ്റിസ്, എസ് എൽ ഇ എന്നീ ഓട്ടോ ഇമ്യൂൺ വാതരോഗങ്ങൾ കൂടുതലായി കണ്ട് വരുന്നത്. എന്നാൽ ഗൗട്ട്, സ്‌പോണ്ടൈലോ ആർത്രോപ്പതി എന്നീ വാതരോഗങ്ങൾ പുരുഷന്മാരെ കൂടുതലായി ബാധിക്കുന്നു. സമീപകാലത്തെ കോവിഡ് വ്യാപനത്തിന് ശേഷം  വാതരോഗങ്ങൾ വരാനുള്ള പ്രവണത കൂടുതലായി കണ്ട് വരുന്നുണ്ട്. സന്ധികളെ മാത്രമല്ല ആന്തരിക അവയവങ്ങളെയും ബാധിക്കാം എന്നത് വാതരോഗങ്ങളുടെ പ്രത്യേകതയാണ്. ഉദാഹരണമായി ലൂപ്പസ് പോലുള്ള വാതരോഗങ്ങൾ വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുമ്പോൾ മയോസൈറ്റിസ്, റുമറ്റോയിഡ് ആർത്രൈറ്റിസ് എന്നീ വാതരോഗങ്ങൾ ശ്വാസകോശത്തെ ബാധിക്കാം. ജുവനൈൽ ഇഡിയോപ്പതിക് ആർത്രൈറ്റിസ് കുട്ടികളുടെ കണ്ണുകളെ ബാധിക്കുന്നതായും  കണ്ടുവരുന്നു.

രോഗത്തെ കുറിച്ചും ചികിത്സാ രീതികളെ കുറിച്ചും മനസ്സിലാക്കാം 

  സന്ധി വേദന, ശരീരത്തിലുണ്ടാകുന്ന ചുവപ്പ്, ഇടവിട്ടുള്ള പനി, തൊലിപ്പുറത്തെ പാടുകൾ, മുടികൊഴിച്ചിൽ, കാലിലെ വീക്കം, മൂത്രം പതഞ്ഞ് പൊങ്ങുന്ന അവസ്ഥ, പേശി തളർച്ച നീർവീക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള വ്യക്തികളെ ഉടൻ തന്നെ ആരോഗ്യ വിദഗ്ധരെ സമീപിക്കാൻ പ്രേരിപ്പിക്കണം.  നേരത്തെയുള്ള രോഗനിർണയം രോഗലക്ഷണങ്ങൾ ലഘൂകരിക്കാൻ മാത്രമല്ല ചികിത്സയുടെ ഫലപ്രാപ്തിക്കും കാരണമാവും. 
 
 പുതിയ ചികിത്സാരീതികൾ:

ബയോളജിക്സും JAK ഇൻഹിബിറ്ററുകളും ബയോളജിക്സും ജാനസ് കൈനസ് (ജെഎകെ) ഇൻഹിബിറ്ററുകളും റുമാറ്റിക് രോഗങ്ങളുടെ ചികിത്സയിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.  കോശവിഭജനത്തിന് കാരണമാകുന്ന രോഗപ്രതിരോധ വ്യവസ്ഥകളെ പ്രത്യേക  ലക്ഷ്യം വയ്ക്കാൻ രൂപകൽപ്പന ചെയ്ത സങ്കീർണ്ണമായ ബയോളജിക്കൽ ഏജൻ്റുകളാണ് ബയോളജിക്സ്.  അവ ചികിത്സാ ഫലപ്രാപ്തി വർദ്ധിപ്പിക്കുകയും റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (RA), സോറിയാറ്റിക് ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിനുള്ള ലാൻഡ്സ്കേപ്പ് മാറ്റുകയും ചെയ്യുന്നു.


മറുവശത്ത്, പ്രതിരോധ പ്രതികരണത്തിൽ നിർണായക പങ്ക് വഹിക്കുന്ന JAK-STAT സിഗ്നലിംഗ് പാതയിൽ ഇടപെടുന്നതിലൂടെ JAK ഇൻഹിബിറ്ററുകൾ പ്രവർത്തിക്കുന്നു.  കുത്തിവയ്‌ക്കാവുന്ന ബയോളജിക്‌സുമായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് കൂടുതൽ ആശ്വാസം നൽകും.  ഈ രണ്ട് ചികിത്സാ രീതികളും രോഗത്തിൻ്റെ തീവ്രത നിയന്ത്രിക്കുന്നതിലും, രോഗികളുടെ  ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും മികച്ച കാര്യക്ഷമത തെളിയിച്ചിട്ടുണ്ട്.

 ജീവിതശൈലിയിലെ മാറ്റങ്ങൾ:

 ഭക്ഷണക്രമത്തിൻ്റെയും വ്യായാമത്തിൻ്റെയും പങ്ക് രോഗ ശമനത്തിന് നിർണ്ണായകമാണ്. സന്ധിവാതത്തിനുള്ള ഫാർമക്കോളജിക്കൽ ചികിത്സകൾ അനിവാര്യമാണെങ്കിലും,  ജീവിതശൈലി നിയന്ത്രണം ചികിത്സ പോലെ പരമ പ്രധാനമാണ്.  പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ,  പ്രോട്ടീനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.  ഒമേഗ -3 ഫാറ്റി ആസിഡുകൾ വീക്കം കുറയ്ക്കുന്നതിന് പ്രത്യേകിച്ചും ഗുണം ചെയ്യും. ചിട്ടയായ വ്യായാമവും പരമപ്രധാനമാണ്.  നീന്തൽ, സൈക്ലിംഗ്, യോഗ തുടങ്ങിയ രോഗികളുടെ നില മെച്ചപ്പെടുത്താനും  ചലനശേഷി പ്രോത്സാഹിപ്പിക്കാനും കഴിയും.  വ്യായാമം വ്യക്തിഗത കഴിവുകൾക്കും പരിമിതികൾക്കും അനുസൃതമായിരിക്കണം എന്ന് മാത്രം.


 കൂടാതെ ഗർഭധാരണം, മുലയൂട്ടൽ തുടങ്ങിയ സമയത്ത് റുമാറ്റിക് രോഗങ്ങളുള്ള സ്ത്രീകൾക്ക് ചികിത്സയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ചില മരുന്നുകൾ ഗര്ഭസ്ഥശിശുവിനോ മുലയൂട്ടുന്ന അമ്മയ്ക്കോ അപകടസാധ്യത സൃഷ്ടിച്ചേക്കാം.  ഗർഭധാരണ സമയത്തും, മുലയൂട്ടൽ സമയത്തും അനുയോജ്യമായ മരുന്നുകൾ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.  

 സ്പെഷ്യലിസ്റ്റുകളെ കാണുന്നതിൻ്റെ പ്രാധാന്യം.

 റുമാറ്റിക് ചികിത്സകളിൽ പാലിക്കേണ്ട പ്രോട്ടോക്കോളുകൾ ഒന്നും പാലിക്കാതെ  രോഗികളെ ചികിത്സിക്കുന്നത്  രോഗികളുടെ ജീവിതം കൂടുതൽ ദുസ്സഹമാവാൻ കാരണമാവും.രോഗങ്ങളുടെ സങ്കീർണതകൾ മനസ്സിലാക്കാനും, അത്തരം സങ്കീർണതകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ വൈദഗ്ധ്യമുളള  വിദഗ്ധരിൽ നിന്ന് പരിചരണം തേടാൻ രോഗികളെയും ബന്ധുക്കളെയും പ്രോത്സാഹിപ്പിക്കണം.  തെറാപ്പിയിലെ ഏറ്റവും പുതിയ ചികിത്സാ രീതികളും, ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുമുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉൾക്കൊള്ളുന്ന വ്യക്തിഗത ചികിത്സാ പദ്ധതികൾ  ആസൂത്രണം ചെയ്യാൻ ഇത്തരം വിദഗ്ധർക്ക്  കഴിയും.

 

world arthritis day