ആന്ധ്രപ്രദേശിലെ ഭരണമാറ്റത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ ലക്ഷ്യമിട്ടുള്ള ബുള്‍ഡോസര്‍ പ്രയോഗവുമായി ടി ഡി പി. വൈ എസ് ആര്‍ സി പിയുടെ ഗുണ്ടൂരിലുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കേന്ദ്ര കമ്മിറ്റി ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി.
ആന്ധ്രാപ്രദേശ് തലസ്ഥാനമേഖല വികസന അതോറിറ്റിയുടെയും മംഗലഗിരി താഡേപള്ളി മുനിസിപ്പല്‍ കോര്‍പ്പറേഷന്റേതുമാണ് നടപടി. കെട്ടിടം നിര്‍മിക്കുന്നത് അനധികൃതമായി കയ്യേറിയ ഭൂമിയിലാണെന്നാണ് ആരോപണം. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഇതിനിടെയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയെ ലക്ഷ്യമാക്കിയുള്ള ബുള്‍ഡോസര്‍ പ്രയോഗം.ഇന്ന് രാവിലെയാണ് അഞ്ചരയോടെയാണ് സംഭവം. ഹൈക്കോടതിയെ സമീപിച്ച വൈഎസ്ആര്‍സിപി കെട്ടിടം പൊളിക്കരുതെന്ന ഉത്തരവ് ലഭിച്ചതായി അവകാശപ്പെട്ടിരുന്നു. ഹൈക്കോടതി ഉത്തരവ് വകവയ്ക്കാതെ ഓഫീസ് ഇടിച്ചു നിരത്തിയതിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ജഗന്‍ രൂക്ഷമായി വിമര്‍ശിച്ചു. നായിഡു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും ഇത് കോടതിയലക്ഷ്യമാണെന്നും ജഗന്‍ പറഞ്ഞു. എന്‍ ഡി എ സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് നീതിയും ന്യായവും അപ്രത്യക്ഷമായെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. ഇനിയുള്ള അഞ്ച് വര്‍ഷം എങ്ങനെയാകുമെന്ന് കണ്ടറയിണമെന്നും അദ്ദേഹം പറഞ്ഞു.