ബെംഗളൂരു: ചൂതുകളിയുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചതിന് പിന്നാലെ നാട്ടുകാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. മേയ് 24ന് കസ്റ്റഡിയിലെടുത്ത ആദിൽ (30) ആരോഗ്യനില മോശമായതിനെ തുടർന്ന് മരിച്ചിരുന്നു. ചന്നഗിരി ടൗണിലെ പൊലീസ് സ്റ്റേഷനാണ് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന സംഘം ആക്രമിച്ചത്.
എന്നാൽ ആരോഗ്യനില മോശമായതിനാലാണ് ആദിൽ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനിലെത്തി ആറോ ഏഴോ മിനിറ്റിനുള്ളിൽ യുവാവ് മരിച്ചെന്ന് പൊലീസ് വ്യക്തമാക്കി. ആദിലിന്റെ മരണമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളുമടങ്ങുന്ന വലിയ സംഘം സ്റ്റേഷന് മുന്നിൽ തടിച്ചു കൂടി. ആദിലിന്റേത് കസ്റ്റഡി മരണമെന്നാരോപിച്ച് ജനക്കൂട്ടം പൊലീസ് വാഹനങ്ങൾ തീവയ്‌ക്കുകയും സ്റ്റേഷന് നേരെ കല്ലെറിയുകയും ചെയ്തു.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും ചന്നഗിരിയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിപ്പിക്കുമെന്നും ദാവൻഗരെ പൊലീസ് സൂപ്രണ്ട് ഉമാ പ്രശാന്ത് അറിയിച്ചു. സംഭവത്തിൽ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെയും ചന്നഗിരി പൊലീസ് സ്റ്റേഷനിലെ സിഐയെയും സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.