ലക്നൗ: ‘വിഐപി’ സംസ്കാരം കാണിക്കാതെ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രവർത്തനങ്ങളിൽ വിഐപി സംസ്കാരം പ്രതിഫലിപ്പിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
‘‘സർക്കാർ ജനങ്ങളുടേതാണ്. ജനങ്ങളുടെ ക്ഷേമമാണു മുഖ്യം. സമൂഹത്തിന്റെ അവസാന നിരയിൽ നിൽക്കുന്ന വ്യക്തികളുടെ പ്രശ്നങ്ങൾ, പ്രതീക്ഷകൾ, ആവശ്യങ്ങൾ എന്നിവ പരിഹരിക്കപ്പെടണം’’–യോഗി ആദിത്യനാഥ് പറഞ്ഞു. മൂന്നാം തവണ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെയും അദ്ദേഹം അഭിനന്ദിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിക്ക് ഉണ്ടായ തിരിച്ചടിയെ തുടർന്ന് യോഗിക്കെതിരെ പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു. 80 സീറ്റുകളുള്ള യുപിയിൽ 33 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. 2019ൽ 62 സീറ്റിലായിരുന്നു ജയം. 2 കോൺഗ്രസ് 6.36 ശതമാനത്തിൽനിന്ന് 9.46 ശതമാനത്തിലേക്ക് വോട്ടുവിഹിതം ഉയർത്തി. ബിജെപിയുടെ വോട്ടുവിഹിതം 49.98 ശതമാനത്തില്‍നിന്ന് 41.37 ശതമാനത്തിലേക്ക് താഴ്ന്നു.