ലഖ്‌നൗ: ഉത്തർപ്രദേശിലെ തോൽവിക്കു പിന്നാലെ മന്ത്രിമാർക്ക് ഉപദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വി.ഐ.പി സംസ്‌കാരം ഒഴിവാക്കി ജനങ്ങളിലേക്ക് ഇറങ്ങണമെന്നാണ് നിർദേശം. ലഖ്‌നൗവിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു യോഗി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ യു.പി മുഖ്യമന്ത്രിയെ പ്രത്യേകമായി ബി.ജെ.പി നേതൃത്വം ഡൽഹിയിലേക്കു വിളിപ്പിച്ചിരുന്നു.താഴേക്കിടയിലുള്ള പ്രശ്‌നങ്ങൾ സൂക്ഷ്മമായി പരിഹരിക്കാനായി ജനങ്ങളുമായി ബന്ധം സ്ഥാപിക്കണം.
വികസന പ്രവൃത്തികൾ വേഗത്തിലാക്കാനായി സംസ്ഥാനത്തിനു കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട്. പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണു സർക്കാർ നോക്കുന്നത്. ജനങ്ങൾക്കിടയിലിറങ്ങി ആവശ്യമായ കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാർ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.