ഗുവാഹത്തി: 2026ഓടെ ഒരു ഹിന്ദുവും അസം കോൺഗ്രസിൽ അവശേഷിക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.ഗുവാഹത്തിയിലെ ബി.ജെ.പി ആസ്ഥാനം സന്ദർശിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം വിലയിരുത്തുന്ന യോഗത്തിൽ സംസാരിക്കവെയാണ് അസം മുഖ്യമന്ത്രിയുടെ പരാമർശം.
2032ഓടെ ഭൂരിഭാഗം മുസ്‌ലിംകളും കോൺഗ്രസ് വിടും.അതോടെ കോൺഗ്രസ് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഭവനിൽ മഹാനഗർ ബി.ജെ.പി എന്ന പേരിൽ ശാഖ തുറക്കും.നിരവധി കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.നിരവധി മുസ്‌ലിം ചെറുപ്പക്കാർ തന്നെ പിന്തുണക്കുന്നുണ്ട്. ഫേസ്ബുക്കിലെല്ലാം അവർ പിന്തുണ നൽകുന്നു, ആരും തന്നെ എതിർക്കുന്നില്ലെന്നും അസം മുഖ്യമന്ത്രി അവകാശപ്പെട്ടു.
കോൺഗ്രസ് അംഗങ്ങൾ ബിജെപിയിലേക്ക് മാറുന്നതിൻ്റെ വേഗത നിങ്ങൾ ശ്രദ്ധിച്ചിരിക്കാം, ഇത് കണക്കിലെടുക്കുപ്പോൽ രാജീവ് ഭവനിൽ കസേരകളും മുറികളും ഉണ്ടെങ്കിലും പക്ഷേ അതിൽ ആരുമുണ്ടാകില്ലെന്നും ഗുവാഹത്തിയിലെ കോൺഗ്രസ് ആസ്ഥാനത്തെ പരാമർശിച്ച് ശർമ്മ പരിഹസിച്ചു.2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം സ്ഥിതിഗതികൾ അതിവേഗം മുന്നോട്ട് പോയി. 2032 ഓടെ കോൺഗ്രസ് അവസാനിക്കുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 19, 26, മെയ് 7 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന അസമിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസിനെതിരെ മുഖ്യമന്ത്രിയുടെ പരിഹാസം.സംസ്ഥാനത്തെ 14 മണ്ഡലങ്ങളിലും എൻഡിഎ സഖ്യം മത്സരിക്കുന്നുണ്ട്. ബിജെപി 11 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ അതിൻ്റെ സഖ്യകക്ഷികളായ അസം ഗണ പരിഷത്ത് (എജിപി) രണ്ടിടത്തും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ) ഒരിടത്തും മത്സരിക്കും.ദിബ്രുഗഡ്, ജോർഹട്ട്, കാസിരംഗ, ഗുവാഹത്തി, ധുബ്രി, സോണിത്പൂർ, നാഗോൺ, ബാർപേട്ട, സിൽചാർ എന്നിവയാണ് അസമിലെ പ്രധാന സീറ്റുകൾ.