കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തെകുറിച്ച് പരാമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംഭവം അങ്ങേയറ്റം വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മമത ബാനർജി പറഞ്ഞു. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളോട് സംസാരിച്ച മമത ബാനർജി കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
'വിഷയം അന്വേഷിക്കുന്നതിനായി ഡോഗ് സ്ക്വാഡ്, വീഡിയോ ഡിപ്പാർട്ട്മെൻ്റ്, ഫോറൻസിക് ഡിപ്പാർട്ട്മെൻ്റ് എന്നിവയെ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ചയ്ക്കകം കേസ് പരിഹരിക്കാൻ കൊൽക്കത്ത പൊലീസിന് കഴിയുന്നില്ലെങ്കിൽ ഞങ്ങൾ അത് സിബിഐക്ക് കൈമാറും. ഇത് അങ്ങേയറ്റം വേദനാജനകമായ സംഭവമാണ്. കേസിൽ ഉൾപ്പെട്ടവർ ആരായാലും ഉടൻ ശിക്ഷിക്കപ്പെടണം. ഈ കേസ് വേഗത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം ജുഡീഷ്യൽ നടപടികൾ വേഗത്തിലാകും. ആശുപത്രിയിൽ നഴ്സുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നിട്ടും സംഭവം നടന്നപ്പോൾ ഞെട്ടിപ്പോയി. പ്രിൻസിപ്പൽ, ഡിപ്പാർട്ട്മെൻ്റ് ഹെഡ്, മെഡിക്കൽ സൂപ്രണ്ട് കം വൈസ് പ്രിൻസിപ്പൽ (എംഎസ്വിപി), എഎസ്പി എന്നിവരെ ഈ ആശുപത്രിയിൽ നിന്ന് ഞങ്ങൾ പുറത്താക്കിയതായി ഇരയുടെ രക്ഷിതാക്കൾ പറഞ്ഞതായി ഞാൻ പൊലീസിനോട് പറഞ്ഞു.',മമത ബാനർജി കൂട്ടിച്ചേർത്തു.