കൊൽക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 അന്തിമ ഘട്ടങ്ങളിലേയ്ക്ക് കടക്കുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി.കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ഇൻഡ്യ മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് മമത ബാനർജി വ്യക്തമാക്കി. ഹൂഗ്ലിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കൂടിയായ മമതയുടെ നിർണായക പ്രഖ്യാപനം.അതേസമയം ബംഗാളിൽ സിപിഎമ്മും കോൺഗ്രസുമായും സഹകരിക്കില്ലെന്നും അവർ വ്യക്തമാക്കി.
'400 സീറ്റുകൾ നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാൽ അത് സംഭവിക്കില്ല എന്ന് വോട്ടർമാർ പറയുന്നു. കള്ളൻമാരുടെ കൂട്ടമാണ് ബിജെപി എന്ന് രാജ്യമാകെ തിരിച്ചറിയുന്നു. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ തൃണമൂൽ കോൺഗ്രസ് ഇന്ത്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കും'- മമത പറഞ്ഞു.
'ബംഗാളിൽ സിപിഎമ്മും കോൺഗ്രസുമായി സഖ്യം പ്രതീക്ഷിക്കേണ്ട. അവർ ഞങ്ങളുടെ കൂടെയില്ല.ബംഗാളിൽ ബിജെപിക്കൊപ്പമാണ് സിപിഎമ്മും കോൺഗ്രസും നിലകൊള്ളുന്നത്. കേന്ദ്രത്തിലെ ഇന്ത്യാ മുന്നണിക്കാണ് പിന്തുണ നൽകുന്നത്- എന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
നിലവിൽ ഇന്ത്യാ സഖ്യത്തിൽ ഔദ്യോഗികമായി ചേരാതെയാണ് തൃണമൂൽ കോൺഗ്രസ് ബംഗാളിൽ മത്സരിക്കുന്നത്. അതേസമയം ഇടത് പാർട്ടികളും കോൺഗ്രസും സീറ്റ് ധാരണ പ്രകാരം സഹകരിച്ചാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്. സീറ്റുകളിലെ വിഭജന ധാരണയിൽ ഇടത് പാർട്ടികൾ 30 മണ്ഡലങ്ങളിലും, 12 ഇടത്ത് കോൺഗ്രസുമാണ് ബംഗാളിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നത്. രണ്ടര മാസക്കാലം നീണ്ട് പൊതു തെരഞ്ഞെടുപ്പ് നടത്തുന്ന ഇലക്ഷൻ കമ്മീഷൻറെ തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് എന്ന് മമത വിമർശിച്ചു.