ഇന്ത്യയെ അർധചാലക ശക്തികേന്ദ്രമാക്കാൻ ആവശ്യമായതെല്ലാം ചെയ്യും: നരേന്ദ്രമോദി

24 രാജ്യങ്ങളിൽനിന്നായി അർധചാലക നിർമാണരംഗത്ത് പ്രവർത്തിക്കുന്ന 250-ലധികം കമ്പനികളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സെപ്‌റ്റംബർ 11 മുതൽ 13 വരെയാണ് ത്രിദിന സെമികോൺ സമ്മേളനം നടക്കുന്നത്.

author-image
Vishnupriya
New Update
modi
Listen to this article
0.75x 1x 1.5x
00:00 / 00:00

ലഖ്നൗ: ഇന്ത്യൻ നിർമിത ചിപ്പുകൾ എല്ലാ ഉപകരണങ്ങളിലും ഉണ്ടായിരിക്കണമെന്നതാണ് സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്പോ മാർട്ടിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ അർധചാലക ശക്തികേന്ദ്രമാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്നത്തെ ഇന്ത്യ ലോകത്തിന് ആത്മവിശ്വാസം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനകം, അർധചാലക നിർമാണത്തിൽ 1.5 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. നിരവധി പദ്ധതികൾ അണിയറയിലാണ്. അർ‌ധചാലക മേഖലയിൽ പ്രവർത്തിക്കാൻ ഇന്ത്യയിൽ 85000-ൽ അധികം എൻജിനീയർമാരും സാങ്കേതിക വിദ​ഗ്ധരും തയ്യാറെടുക്കുകയാണ്. അനുകൂലമായ ബിസിനസ് സാഹചര്യങ്ങളും സ്ഥിരമായ നയങ്ങളും രാജ്യം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അർധചാലക മേഖലയിൽ നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്ന കമ്പനികൾക്ക് ആകർഷകമായ ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

24 രാജ്യങ്ങളിൽനിന്നായി അർധചാലക നിർമാണരംഗത്ത് പ്രവർത്തിക്കുന്ന 250-ലധികം കമ്പനികളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സെപ്‌റ്റംബർ 11 മുതൽ 13 വരെയാണ് ത്രിദിന സെമികോൺ സമ്മേളനം നടക്കുന്നത്. മൊബൈല്‍ ഫോൺ മുതല്‍ മിസൈൽ വരെയുള്ളവയുടെ നിര്‍മാണത്തില്‍ അതിനിര്‍ണായകമാണ് അർ‌ധചാലക ചിപ്പുകൾ. വൈദ്യുതി ഭാഗികമായി മാത്രം കടത്തിവിടുന്ന പദാര്‍ഥങ്ങളെയാണ് അര്‍ധചാലകങ്ങള്‍ അഥവാ സെമികണ്ടക്ടറുകള്‍ എന്ന് വിളിക്കുന്നത്.

സിലിക്കണ്‍, ജര്‍മേനിയം തുടങ്ങിയവ അര്‍ധചാലകങ്ങള്‍ ഉദാഹരണങ്ങളാണ്. ഇങ്ങനെയുള്ള അര്‍ധചാലക പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളിലെ വൈദ്യുതിയുടെ ഒഴുക്ക് കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ളതാണ് സെമികണ്ടക്ടര്‍ ചിപ്പുകള്‍. സ്മാര്‍ട്‌ഫോണുകള്‍, വയര്‍ലെസ് ആശയവിനിമയ ഉപകരണങ്ങള്‍ക്കും അനുബന്ധ സ്മാര്‍ട് ഉപകരണങ്ങള്‍ക്കുമെല്ലാം ചിപ്പുകള്‍ വേണം.വാഹനങ്ങളുടെ എഞ്ചിന്‍, ബ്ലൂടൂത്ത് സംവിധാനങ്ങള്‍, സീറ്റ് സിസ്റ്റം, കൊളിഷന്‍, ബ്ലൈന്റ് സ്‌പോട്ട് ഡിറ്റക്ഷന്‍, ട്രാന്‍സ്പിഷന്‍, വൈഫൈ, വീഡിയോ ഡിസ്‌പ്ലേ സിസ്റ്റം പോലെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ക്കെല്ലാം സെമികണ്ടക്ടർ ചിപ്പുകൾ ആവശ്യമാണ്.

narendramodi