മൂന്ന് വയസുള്ള മകനെ ബലി നൽകാൻ ശ്രമിക്കുന്ന ഭർത്താവിൽ നിന്നും സംരക്ഷണം തേടി യുവതി പൊലീസ് സ്റ്റേഷനിൽ. ബെംഗളൂരുവിലാണ് സംഭവം. ഭർത്താവ് ബ്ലാക്ക് മാജിക്കിന്റെ പിടിയിലന്നെനും മകനെയും തന്നെയും ഉപദ്രവിക്കാറുണ്ടെന്നും പണവും ഐശ്വര്യവും വരാൻ മകനെ ബലി നൽകാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് യുവതി പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചത്. പരാതിയിൽ സദ്ദാം എന്നയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ പരാതിയുമായി ആർകെ പുരം പൊലീസിനെ സമീപിച്ചിരുന്നുവെന്നും എന്നാൽ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. മന്ത്രവാദത്തിലെ ‘കുട്ടി പൂജ’ എന്ന ആചാരത്തിനായാണ് മകനെ ബലി നൽകാൻ ശ്രമിച്ചതെന്ന് പരാതിക്കാരി ആരോപിച്ചു. സെപ്റ്റംബർ 28ന് നൽകിയ പരാതിയിൽ ഭർത്താവിന്റെ ക്രൂരതകളെ കുറിച്ച് യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവിൽ നിന്നും സംരക്ഷണം ഒരുക്കണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടു.
2020ലാണ് സദ്ദാമുമായി യുവതി പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും അതേ വർഷം വിവാഹിതരാവുകയുമായിരുന്നു. ഹിന്ദു മതാചാര പ്രകാരം വിവാഹ നടക്കുകയുമായിരുന്നു. ഇതിന് പിന്നാലെ നവംബറിൽ മുസ്ലിം മതാചാര പ്രകാരം തന്നെ വിവാഹം ചെയ്യണമെന്ന് സദ്ദാം നിർബന്ധിച്ചതായി യുവതി പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് വഴി ഐശ്വര്യമുണ്ടാകുമെന്നായിരുന്നു ഭർത്താവിന്റെ വാദം. ഇതിന് പിന്നാലെ യുവതിയെ മതം മാറ്റാനുള്ള ശ്രമം നടത്തിയെന്നും പേര് മാറ്റിയെന്നും പരാതിക്കാരി ഉന്നയിച്ചു.
ഗർഭിണിയായതോടെ ശാരീരിക പീഡനം നേരിട്ടിരുന്നതായും യുവതി പറഞ്ഞു. 2021ലാണ് യുവതി മകന് ജന്മം നൽകുന്നത്. ഇതിന് പിന്നാലെയാണ് മകനെ കുട്ടി പൂജയ്ക്കായി ബലി നൽകണമെന്ന് ഇയാൾ ആവശ്യപ്പെടുന്നത്. അമ്മയെയും ഭർത്താവ് മർദ്ദിച്ചിരുന്നതായും യുവതി കൂട്ടിച്ചേർത്തു. കേരളത്തിലാണ് മന്ത്രവാദ പൂജകൾ പലതും നടത്തിയിരുന്നതെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
ഭർത്താവിന്റെ പീഡനം ക്രൂരമായതോടെ യുവതി മകനൊപ്പം തുമക്കുരുവിൽ താമസമാക്കിയിരുന്നു. എന്നാൽ സെപ്റ്റംബർ 13ന് പ്രതിയും സുഹൃത്തും ചേർന്ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണ് യുവതി വീണ്ടും പൊലീസിനെ സമീപിക്കുന്നത്.