ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവാകുന്നത് ഡിഎൻഎ പരിശോധന ഫലമാണ്.
ക്രൂരതയ്ക്ക് ഇരയായ ഡോക്ടറിൽ നിന്നും പ്രതിയിൽ നിന്നും ശേഖരിച്ച ഡിഎൻഎ സാമ്പിളുകളുടെ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. കുറ്റകൃത്യത്തിൽ ഒന്നിലധികം പ്രതികളുണ്ടെന്നതുൾപ്പെടെയുള്ള ആരോപണങ്ങളിൽ ഉത്തരം കണ്ടത്തേണ്ടതുണ്ട്. ഇത് ഡിഎൻഎ പരിശോധനാ ഫലം പുറത്തുവരുന്നതോടെ സ്ഥിരീകരിക്കാനാകും.
ട്രാഫിക് മാനേജ്‌മെൻ്റിൽ പോലീസുകാരെ സഹായിച്ച ആശുപത്രിയിലെ സിവിൽ വോളണ്ടിയർ സഞ്ജയ് റോയ് ആണ് കേസിലെ ഏക പ്രതി. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ അത്യാഹിത വിഭാഗത്തിലെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞതിനെ തുടർന്നാണ് സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്.മാത്രമല്ല ഡോക്ടറുടെ മൃതദേഹത്തിനരികിൽ നിന്ന് കണ്ടെത്തിയ ഒരു ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്,സഞ്ജയ്യുടേതാണെന്നും കണ്ടെത്തിയിരുന്നു.
എന്നാൻ, ഡിഎൻഎ പരിശോധാന ഫലം വന്നാൽ മാത്രമെ കുറ്റകൃത്യത്തിൽ ഒന്നോ അതിലധികമോ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വരൂവെന്നാണ് വൃത്തങ്ങൾ പറയുന്നത്.പരിശോധനയിൽ സഞ്ജയ് കൂടാതെ മറ്റ് ഡിഎൻഎയുടെ അംശം കാണിക്കുന്നില്ലെങ്കിൽ, അന്വേഷണസംഘത്തിന് കേസിൽ ഒന്നിലധികം പേർ പങ്കാളികളായിട്ടില്ലെന്ന് ഉറപ്പിക്കാനാകും.മറിച്ചാണെങ്കിൽ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സ്ഥിരീകരിക്കാനാകും.
ഈ കേസ് തെളിയിക്കാൻ ഡിഎൻഎ പരിശോധന ഫലം മതിയെന്ന് ഉറവിടങ്ങൾ അവകാശപ്പെടുമ്പോൾ, സഞ്ജയ് റോയിയുടെ മനഃശാസ്ത്ര പരീക്ഷയുടെയും പോളിഗ്രാഫി പരിശോധന(നുണ പരിശോധന)യുടെയും ഫലങ്ങളും കേസിൽ ഒരു പ്രധാന പങ്ക് വഹിക്കും. സിബിഐയുടെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി (സിഎഫ്എസ്എൽ) ലാബിൽ ഇപ്പോൾ ശേഖരിച്ച സാമ്പിളുകൾ പ്രോസസ്സ് ചെയ്യുകയാണെന്നാണ് വിവരം.ഇതിന്റെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.