കേന്ദ്രം ഭരിക്കുന്ന ബിജെപി ഉള്‍പ്പെടെ ചെറുതും വലുതുമായി 45 രാഷ്ട്രീയ പാര്‍ട്ടികളാണ് മഹാരാഷ്ട്ര എന്ന സംസ്ഥാനത്തുള്ളത്. എല്ലാ പാര്‍ട്ടികളും ഓരോ തിരഞ്ഞെടുപ്പിലും നിര്‍ണായക കക്ഷികള്‍ തന്നെയാണ്. ഓരോ ജില്ലയിലും ഈ പാര്‍ട്ടികള്‍ ഒന്നിനൊന്ന് കരുത്തരുമാണ്. അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനുള്ള ചര്‍ച്ചകളിലാണ്. മഹാരാഷ്ട്ര എന്ന സംസ്ഥാനത്ത് ഏറെ നിര്‍ണായകമാവുക മുംബൈ എന്ന ജില്ലയാണ്. സിറ്റി, സബര്‍ബന്‍ ജില്ലകളായാണ് മുംബൈ വ്യാപിച്ചുകിടക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക, വിനോദ തലസ്ഥാനമായാണ് മുംബൈയെ അറിയപ്പെടുന്നത്. അവിടെ എന്‍ഡിഎ, ഇന്ത്യാ സഖ്യങ്ങള്‍ക്കാണ് മേല്‍ക്കൈ. അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ശിവസേന രണ്ടായി പിളര്‍ന്നശേഷം പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മുംബൈ ബെല്‍റ്റില്‍ ഏത് ശിവസേന നേട്ടം കൊയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ആരാണ് യഥാര്‍ഥ ശിവസേന എന്നതിനുള്ള ഉത്തരം കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ ഫലം. 36 നിയമസഭാ സീറ്റുകളുള്ള മുംബൈ മേഖല കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ ഇന്ത്യാ മുന്നണിക്കായിരുന്നു മേല്‍ക്കൈ. 16 മണ്ഡലങ്ങളില്‍ എന്‍ഡിഎക്കും.
2019ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച 4 സീറ്റില്‍ ഒതുങ്ങിയ കോണ്‍ഗ്രസ്, ഉദ്ധവ് പക്ഷത്തിന്റെ കൂട്ടുകെട്ട് നിലനിര്‍ത്തി കൂടുതല്‍ സീറ്റുകള്‍ പിടിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ലഭിച്ച 16 സീറ്റ് എങ്ങനെയെങ്കിലും നിലനിര്‍ത്താനായിരിക്കും ബിജെപിയുടെ പോരാട്ടം. അന്ന് അവിഭക്ത ശിവസേനയോടൊപ്പം സഖ്യമായാണ് ബിജെപി മത്സരത്തിന് ഇറങ്ങിയത്.
താനെയില്‍ മേല്‍ക്കോയ്മയുളള ഷിന്‍ഡെ വിഭാഗത്തിന് മുംബൈയില്‍ അത്രത്തോളം സ്വാധീനമില്ല. ഒട്ടേറെ മുന്‍ കോര്‍പറേറ്റര്‍മാരെയും എംഎല്‍എമാരെയും എംപിമാരെയും അടര്‍ത്തിമാറ്റിയിട്ടുണ്ടെങ്കിലും ശിവസേന പിളര്‍ത്തിയതിനെതിരായ ജനവികാരം ഉദ്ധവിന് അനുകൂലമായി നിലനില്‍ക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നഗരത്തിലെ മൂന്നിടത്ത് ഷിന്‍ഡെ വിഭാഗം മത്സരിച്ചെങ്കിലും ഒരിടത്ത് മാത്രമാണ് വിജയിക്കാനായത്. ഉദ്ധവ് വിഭാഗം മൂന്നിടത്ത് വിജയിക്കുകയും ചെയ്തു.
ഷിന്‍ഡെ വിഭാഗവും ബിജെപിയും കൈകോര്‍ക്കുമ്പോള്‍ പല മണ്ഡലങ്ങളിലും ഉദ്ധവ് പക്ഷത്തിന് വെല്ലുവിളിയാകുകയും ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുകയാണെങ്കില്‍ മേഖലയില്‍ മാത്രം ഇന്ത്യാമുന്നണി ഇരുപതിലേറെ സീറ്റുകളില്‍ വിജയിക്കാനാണ് സാധ്യത. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റ് കേവലം 48 വോട്ടിനാണ് ഉദ്ധവ് വിഭാഗത്തിന് നഷ്ടമായത്. എന്‍ഡിഎ സഖ്യം മുന്നിട്ടുനിന്ന 16 മണ്ഡലങ്ങളില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമേ ഷിന്‍ഡെ വിഭാഗത്തിന് ആധിപത്യമുണ്ടായിരുന്നുള്ളൂ.
ബിജെപിക്കും കോണ്‍ഗ്രസിനും ഒരു അഭിമാന പ്രശ്‌നം കൂടിയാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ്. ഹരിയാനയിലെ വിജയം ബിജെപിക്ക് മഹാരാഷ്ട്രയില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ഹരിയാനയിലെ തിരഞ്ഞെടുപ്പു ഫലം മഹാരാഷ്ട്രയെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇന്ത്യാ മുന്നണിയെ മുന്‍നിര്‍ത്തിയാണ് ഇവിടെയും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ മുന്നണിയിലെ തന്നെ ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തയാറെടുപ്പ് നടത്തുന്നുണ്ട്. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ച് തലവേദനയാണ്.
എന്‍സിപിയുടെ പിന്തുണ കോണ്‍ഗ്രസിന് ഏറെ ആശ്വാസം നല്‍കുന്നതാണ്. അദ്ദേഹം മഹാരാഷ്ട്ര തിരഞ്ഞെടുപ്പു സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഹരിയാനയിലെ തിരഞ്ഞെടുപ്പു ഫലം മഹാരാഷ്ട്രയില്‍ ഏശില്ലെന്നാണ് എന്‍സിപി തലവന്‍ ശരത് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കേന്ദ്രഭരണ പ്രദേശത്തിന് ലഭിക്കുന്ന ഉയര്‍ന്ന ആഗോള ശ്രദ്ധ കണക്കിലെടുത്ത് ദേശീയ വീക്ഷണകോണില്‍ നിന്ന് ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രാധാന്യവും അദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് ശേഷം ഇന്ത്യാ ബ്ലോക്കിന്റെ തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പവാര്‍ പ്രതികരിച്ചതിങ്ങനെയാണ് , ''ഞങ്ങള്‍ ഹരിയാനയിലെ തോല്‍വി പഠിക്കുകയാണ്, അതേസമയം ജമ്മുകശ്മീരിലെ വിജയം മഹാരാഷ്ട്ര തെരെഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. ജമ്മുകശ്മീരിലെ കോണ്‍ഗ്രസിന്റെ വിജയം കൂടുതല്‍ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.