മൂന്നാം മോദി മന്ത്രിസഭയിലേക്ക് കാലെടുത്തുവയ്ക്കുന്ന ജോര്‍ജ്ജ് കുര്യന്‍ മലയാളികള്‍ക്ക് അത്രപരിചിതനല്ല. എന്നാല്‍ സീറോ മലബാര്‍ സഭാംഗം കൂടിയായ ഇദ്ദേഹത്തിന് കേരളത്തിലെ ന്യൂനപക്ഷ വിഭാഗ നേതാവെന്ന പ്രതിഛായയാണുള്ളത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. ഈ പ്രതിഛായയാണ് ഇദ്ദേഹത്തെ കേന്ദ്ര മന്ത്രി പദവിയിലെത്തിക്കുന്നതെന്നാണ് വിവരം. കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള വോട്ടുകള്‍ ഉയര്‍ത്താനുള്ള ലക്ഷ്യം ജോര്‍ജ് കുര്യനിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നതും.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയില്‍ സേവനം അനുഷ്ഠിച്ച് വരികയാണ് ജോര്‍ജ്ജ് കുര്യന്‍. 1977ല്‍ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ഥി ജനതയിലൂടെ രാഷ്ട്രീയ യാത്ര ആരംഭിച്ചു. 1980ല്‍ ബിജെപി രൂപീകൃതമായപ്പോള്‍ പാര്‍ട്ടിയിലെത്തി. അന്നുമുതല്‍ 45 വര്‍ഷത്തിലേറെയായി ബിജെപി പ്രവര്‍ത്തകനാണ് ഈ കോട്ടയം കാണക്കാരി നമ്പ്യാര്‍കുളം സ്വദേശി.എല്‍എല്‍ബി ബിരുദധാരിയായ ഇദ്ദേഹം ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയിട്ടുണ്ട്. 2016ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. അന്ന് സിറ്റിങ് എംഎല്‍എ ഉമ്മന്‍ ചാണ്ടിക്കെതിരായ മത്സരത്തില്‍ 15,993 വോട്ടുകളാണ് ജോര്‍ജ് കുര്യന്‍ ബിജെപിക്കായി പിടിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ നിര്‍വാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോര്‍ച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോര്‍ച്ച അഖിലേന്ത്യ ജനറല്‍ സെക്രട്ടഖറി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി, എജ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. റിട്ടയേര്‍ഡ് മിലിറ്ററി നഴ്‌സായ അന്നമ്മ ആണ് ഭാര്യ. ആദര്‍ശ്, ആകാശ് എന്നിവര്‍ മക്കളാണ്.