ഡൽഹി: പശ്ചിമ ബംഗാളിൽ റേമൽ ചുഴലിക്കാറ്റ് കരതൊട്ടു.ശക്തമായി വീശിയ കാറ്റിൽ സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിരവധി മരങ്ങൾ കടപുഴകി വീണു.നിലവിൽ ദേശീയ ദുരന്ത നിവാരണ സേന മരങ്ങൾ മുറിച്ച് മാറ്റുകയാണ്. 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്.ഇതോടെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ബംഗാളിലെ തീരപ്രദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിലെ തീരപ്രദേശങ്ങളിൽ നിന്നും ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു.മുന്നൊരുക്കങ്ങൾ വിലയിരുത്തിയതായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു. ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന സജ്ജമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു. കരസേന, നാവികസേന, കോസ്റ്റ് ഗാർഡ് തുടങ്ങിയ സേനകളും ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി നിൽക്കുകയാണ്. ത്രിപുരയിൽ സംസ്ഥാന സർക്കാർ നാല് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.