ബെംഗളൂരു നഗരത്തിൽ വെള്ളച്ചാട്ടം; വിഡിയോ വൈറൽ

ചെന്നൈയും ബെംഗളൂരുവും പ്രളയത്തിന്റെ പിടിയിലാണ്. മഴയ്ക്ക് അല്പം ശമനമുണ്ടായിട്ടുണ്ടെങ്കിലും വെളളക്കെട്ട് മാറിയിട്ടില്ല. ബെംഗളൂരു നഗരത്തില്‍ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാകുന്നത്.

author-image
Rajesh T L
New Update
RAIN

ചെന്നൈയും ബെംഗളൂരുവും പ്രളയത്തിന്റെ പിടിയിലാണ്. മഴയ്ക്ക് അല്പം ശമനമുണ്ടായിട്ടുണ്ടെങ്കിലും വെളളക്കെട്ട് മാറിയിട്ടില്ല. ബെംഗളൂരു നഗരത്തില്‍ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാകുന്നത്. ഒരു വെളളച്ചാട്ടത്തിന്റെ വീഡിയോ ആണത്. 

കനത്ത മഴയില്‍ ബെംഗളൂരുവിലെ ഐടി മേഖലകളടക്കം വെളളത്തിനടിയിലായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഫീസ് സ്‌പേസുകളിലൊന്നാണ് മാന്യത ടെക് പാര്‍ക്ക്. ഇവിടെ പ്രളയത്തില്‍ ഒരു വെള്ളച്ചാട്ടം രൂപപ്പെട്ടതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. 

മാന്യത ടെക്ക് പാര്‍ക്ക് 300 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. ബെംഗളൂരു നഗരത്തില്‍ പെയ്തിറങ്ങിയ മഴയുടെ തീവ്രതയാണ് ഈ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. 

ടെക് പാര്‍ക്ക് വെള്ളത്തില്‍ മുങ്ങിയതോടെ ജീവനക്കാരും ഓഫീസുകള്‍ക്കുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് കമ്പനികള്‍ ജീവനക്കാരോട് ഓഫീസില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കി.

ഒരു രാത്രിയും പകലും വിറപ്പിച്ച മഴയില്‍ നിന്ന് ബെംഗളൂരു ചെന്നൈ നഗരങ്ങള്‍ ആശ്വാസ തീരം അണഞ്ഞു. ബുധനാഴ്ച മഴ മാറി നിന്നതോടെ ചെന്നൈ നഗരത്തിലെ താഴ്ന്ന മേഖലകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും നീങ്ങി. 

കാറ്റിന്റെ ദിശയും വേഗവും മൂലം ന്യൂനമര്‍ദ മേഖലയുടെ സഞ്ചാരപാതയില്‍ വ്യത്യാസമുണ്ടായതാണ് മഴ മാറാന്‍ കാരണം. 

വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും വീണ്ടും സജീവമായി തുടങ്ങി. നഗരവാസികള്‍ക്ക് 'അമ്മ ഉണവകങ്ങള്‍' ഭക്ഷണമൊരുക്കി. ബുധനാഴ്ച ആരംഭിച്ച സൗജന്യ ഭക്ഷണ വിതരണം വ്യാഴാഴ്ച കൂടി തുടരും. തട്ടുകടകള്‍ അടക്കമുള്ളവ അടച്ചതോടെയാണ് ജനം ഭക്ഷണമില്ലാതെ വലഞ്ഞത്. ഇതേത്തുടര്‍ന്നാണ് സൗജന്യമായി ഭക്ഷണം നല്‍കാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിര്‍ദേശിച്ചത്. 

വെള്ളപ്പൊക്കത്തില്‍ നടന്‍ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയര്‍ന്നിരുന്നു. പോയസ് ഗാര്‍ഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെള്ളം കയറിയത്. കനത്ത മഴയില്‍ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകര്‍ന്നതാണ് വെള്ളം ഉയരാന്‍ കാരണമായത്. 

ചെന്നൈയില്‍ കനത്തമഴയില്‍ ട്രെയിന്‍ ഗതാഗതവും താറുമാറായിരുന്നു. ദക്ഷിണ റെയില്‍വേ 4 എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദ് ചെയ്തു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. ചില ആഭ്യന്തര വിമാനങ്ങളും റദ്ദ് ചെയ്തിരുന്നു. തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലും കനത്ത മഴയാണ് പെയ്തത്.

Bengaluru CHENNAI heavy rainfall