ന്യൂഡല്‍ഹി : ശതകോടികള്‍ മുടക്കി പണിത പുതിയ പാര്‍ലമെന്റ് മന്ദിരം ചോര്‍ന്നൊലിക്കുന്നതായി സമാജ്വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഡല്‍ഹിയില്‍ അതിശക്തമായ മഴയാണ്. മഴയത്താണ് ഒരുവര്‍ഷം മുന്‍പു നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം ചോര്‍ന്നൊലിക്കുന്നത്. ചോര്‍ച്ചയുടെ വിഡിയോ സഹിതം അഖിലേഷ് എക്‌സില്‍ കുറിപ്പിട്ടു. പാര്‍ലമെന്റിന്റെ ലോബിയിലുള്ള ചോര്‍ച്ചയാണു വിഡിയോയിലുള്ളത്. വീഴുന്ന വെള്ളം ശേഖരിക്കുന്നതിനായി ബക്കറ്റ് വച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കോണ്‍ഗ്രസ് എംപി മാണിക്കം ടഗോറും വിഡിയോ പങ്കുവച്ചിട്ടുണ്ട്.
''പഴയ പാര്‍ലമെന്റ് മന്ദിരം ഇതിലും മികച്ചതായിരുന്നു. പഴയ എംപിമാര്‍ക്കു വന്നു കാണാനും സംസാരിക്കാനും പറ്റും. എന്തുകൊണ്ടു നമുക്കു പഴയ പാര്‍ലമെന്റിലേക്കു തിരിച്ചുപൊയ്ക്കൂടാ. ശതകോടികള്‍ ചെലവഴിച്ചു നിര്‍മിച്ച ഈ മന്ദിരത്തിലെ 'വെള്ളം ഇറ്റുവീഴുന്ന പദ്ധതി' കഴിയുന്നതുവരെ നമുക്ക് അവിടെ സമ്മേളനം നടത്താം'' കുറിപ്പില്‍ അദ്ദേഹം എഴുതി.