ആഗ്ര: താജ്മഹലിനുള്ളിൽ വെള്ളക്കുപ്പികൾ നിരോധിച്ചുകൊണ്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉത്തരവിറക്കി. സന്ദർശകരും ഗൈഡുമാരും താജ്മഹലിനകത്തേക്ക് വെള്ളക്കുപ്പികൾ കൊണ്ടുവരുന്നതാണ് നിരോധിച്ചത്. താജ്മഹലിനുള്ളിൽ ജലാഭിഷേകം നടത്തിയതിന് രണ്ട് ഹിന്ദു മഹാസഭ പ്രവർത്തകർ പിടിയിലായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
താജ്മഹലിന്റെ ചമേലി ഫാർഷ് മുതൽ പ്രധാന മിനാരം വരെയുള്ള പ്രദേശത്താണ് വെള്ളക്കുപ്പികൾ നിരോധിച്ചിരിക്കുന്നത്. ചൂടുകാലത്ത് വെള്ളക്കുപ്പികളില്ലാതെ വിനോദസഞ്ചാരികൾക്ക് താജ്മഹലിലെ കാഴ്ചകൾ കാണാൻ കഴിയില്ലെന്ന് വിമർശനങ്ങളുയരുന്നുണ്ട്.
കൊടും ചൂടിൽ സന്ദർശകർ തലകറങ്ങി വീഴുന്ന സംഭവങ്ങൾ പോലും ഉണ്ടാകുന്ന സാഹചര്യത്തിൽ വെള്ളക്കുപ്പികൾ വിലക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഇത് വിദേശ സഞ്ചാരികളുടെ അളവിലും കുറവുണ്ടാക്കുമെന്ന് ടൂറിസം ജീവനക്കാരും പറയുന്നു.
കഴിഞ്ഞ ദിവസമാണ് രണ്ടുപേർ താജ്മഹലിനുള്ളിൽ വെള്ളം ഒഴിച്ചത്. ഇവരെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ചെറിയ കുപ്പിയിലാണ് ഇവർ വെള്ളം കൊണ്ടുവന്നത്. താജ്മഹൽ ചരിത്രസ്മാരകമല്ലെന്നും ശിവക്ഷേത്രമാണെന്നുമായിരുന്നു ഇവരുടെ വാദം