നിരപരാധികളെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ ചര്‍ച്ചയ്ക്കും നയതന്ത്രത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യുക്രെയ്നില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് നേരത്തെ താന്‍ പറഞ്ഞിട്ടുണ്ടെന്നും ഇന്ത്യ-ഓസ്ട്രിയ സംയുക്ത പ്രസ്താവനയില്‍ മോദി പറഞ്ഞു. ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമറുമായുളള പ്രതിനിധിതല ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു മോദിയുടെ പരാമര്‍ശം.'യുദ്ധരംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍ അതിന്റെ ഭാഗമല്ലാത്ത നിരപരാധികളെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇന്ത്യയും ഓസ്ട്രിയയും ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനുമാണ് ഊന്നല്‍ നല്‍കുന്നത്. അതിനാല്‍ ഏത് തരത്തിലുളള പിന്തുണ നല്‍കാനും ഞങ്ങള്‍ തയ്യാറാണ്'. പ്രധാനമന്ത്രി പറഞ്ഞു.