വഖഫ് ബില്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. വഖഫ് ഭേദഗതി ബില്‍ ബി.ജെ.പി സര്‍ക്കാര്‍ പാസാക്കുമെന്നും തങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വഖഫ് നിയമം ഭേദഗതി ചെയ്യാനും ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്താനും സമയമായെന്നും അദ്ദേഹം പറഞ്ഞു. ഝാര്‍ഖണ്ഡിലെ ബാഗ്മാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. വഖഫ് ബോര്‍ഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ടെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. 'കര്‍ണാടകയില്‍ ഗ്രാമീണരുടെ സ്വത്തുക്കള്‍ വഖഫ് ബോര്‍ഡ് കൈക്കലാക്കി. ക്ഷേത്രങ്ങളുടേയും കര്‍ഷകരുടേയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോര്‍ഡില്‍ മാറ്റങ്ങള്‍ വേണോ വേണ്ടയോ എന്ന് നിങ്ങള്‍ പറയൂ'റാലിക്കിടെ അമിത് ഷാ പറഞ്ഞു.
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും രാഹുല്‍ ഗാന്ധിയും വഖഫ് ബോര്‍ഡില്‍ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. അവര്‍ എതിര്‍ക്കെട്ടെ. വഖഫ് ഭേദഗതി ബില്‍ ബി.ജെ.പി. പാസാക്കുമെന്നും തങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ഷാ വ്യക്തമാക്കി.
യൂണിഫോം സിവില്‍ കോഡ് (യു.സി.സി) നടപ്പാക്കുന്നത് ആര്‍ക്കും തടയാനാകില്ലെന്നും റാലിയില്‍ അദ്ദേഹം അവകാശപ്പെട്ടു. 'നുഴഞ്ഞുകയറ്റക്കാരെ പരിശോധിക്കാന്‍ ഇത് ആവശ്യമാണ്. ആദിവാസികളെ യു.സി.സിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കുമെന്ന് ഉറപ്പുനല്‍കുന്നു. ഝാര്‍ഖണ്ഡില്‍ ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് അയക്കും.'അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് അമിത് ഷായുടെ പ്രസംഗം റിപ്പോര്‍ട്ടുചെയ്തത്.
നവംബര്‍ 13, 20 തീയതികളിലാണ് 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. 23ന് ഫലം പ്രഖ്യാപിക്കും.