ന്യൂഡല്‍ഹി: വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ തർക്കിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. വഖഫ് ബില്ലിനെ എതിര്‍ത്ത് സംസാരിക്കവെ അഖിലേഷിൻറെ പ്രസ്ഥാവന അമിത് ഷായെ പ്രകോപിപ്പിച്ചു. അഖിലേഷ് ഇത്തരം പ്രസ്താവനകള്‍ സഭയില്‍ നടത്തരുതെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
വ്യക്തമായ രാഷ്ട്രീയ അജണ്ടയോടെയാണ് വഖഫ് ബില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് പറഞ്ഞ അഖിലേഷ്, സ്പീക്കറുടെ അധികാരങ്ങളും കവരാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് ആരോപിച്ചു. ഇതിനെതിരേയും തങ്ങള്‍ പോരാടുമെന്ന് അഖിലേഷ് പറഞ്ഞപ്പോഴായിരുന്നു അമിത് ഷാ ഇടപെട്ടത്.
താങ്കള്‍ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കരുതെന്നും സഭാധ്യക്ഷന്റെ അവകാശങ്ങളുടെ സംരക്ഷകനല്ല താങ്കളെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇതിന് പിന്നാലെ പ്രതിപക്ഷം ബഹളംവെച്ചു. തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ളയുടെ വിശദീകരണത്തിന് ശേഷം ബില്ലിന്മേല്‍ ചര്‍ച്ച തുടര്‍ന്നു.