വഖഫ് ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി (ജെപിസി) യോഗത്തില്‍ സംഘര്‍ഷം. ബി.ജെ.പി. അംഗങ്ങളുമായുള്ള വാഗ്വാദങ്ങള്‍ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ്സ്
എംപി. കല്യാണ്‍ ബാനര്‍ജി ചില്ലുകുപ്പി മേശയില്‍ എറിഞ്ഞുടച്ചു. പൊട്ടിയ ചില്ല് തട്ടി അദ്ദേഹത്തിനു കൈവിരലുകള്‍ക്ക് പരുക്കേറ്റു.
യോഗത്തിനിടെ ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായി കല്യാണ്‍ ബാനര്‍ജി ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ യോഗം നിര്‍ത്തിവച്ചു. അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന് കല്യാണ്‍ ബാനര്‍ജിയെ ജെപിസി യോഗത്തില്‍ നിന്ന് ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
പരുക്കേറ്റ ബാനര്‍ജിയെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും എഎപി നേതാവ് സഞ്ജയ് സിംഗും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
ബിജെപി എംപി ജഗദംബിക പാല്‍ അധ്യക്ഷത വഹിച്ച കമ്മിറ്റി യോഗത്തിലാണ് വാഗ്വാദവും കൈയാങ്കളിയുമുണ്ടായത്. വഖഫ് ബില്‍ വിഷയത്തില്‍ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിനിടെയാണ് സംഘര്‍ഷത്തിന് തിരികൊളുത്തിയത്. ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും വഖഫ് ബില്ലില്‍ എന്തു കാര്യമാണുള്ളതെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചതോടെയാണ് തര്‍ക്കത്തിന് കളമൊരുങ്ങിയത്.