ന്യൂഡല്‍ഹി: ഡോക്ടരുടെ പരിചരണത്തിനായി 3 മണിക്കൂറോളം കാത്തുനിന്ന യുവാവ് ചികിത്സ കിട്ടാതെ മരിച്ചു. മുംബൈയിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റലിലെ ജീവനക്കാരനാണ് അതേ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ചത്. തലയ്ക്ക് പരിക്കേറ്റ് ഡോക്ടറെ കാണാനെത്തിയ അനീഷ് കൈലാഷ് ചൗഹാനാണ് അടിയന്തര വൈദ്യസഹായം ലഭിക്കാതെ മരണപ്പെട്ടത്. ചികിത്സ ലഭിക്കാന്‍ വൈകിയതാണ് മരണകാരണമെന്നാരോപിച്ച് അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രയില്‍ പ്രതിഷേധിച്ചു.
തലയ്ക്ക് പറ്റിയ മുറിവില്‍ തുന്നലിടുന്നതിനായാണ് അനീഷ് ആശുപത്രിയിലെത്തിയത്. മുറിവില്‍ ബാന്‍ഡ്എയ്ഡ് ചുറ്റി മണിക്കൂറുകളോളം വീല്‍ ചെയറില്‍ ഡോക്ടറെ കാണാന്‍ കാത്തുനിന്നു. മൂന്ന് മണിക്കൂറിലേറെ കാത്തുനിന്നിട്ടും ഡോക്ടറെത്തി ഇയാളെ പരിശോധിച്ചില്ല. ഇതോടെ ആരോഗ്യനില മോശമായ യുവാവ് മരണപ്പെട്ടു.
അനീഷിന്റെ മരണത്തിന് ഉത്തരവാദികള്‍ ഡോക്ടര്‍മാരാണെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കാന്‍ ഇന്റേണിനെ അയച്ചതാണ് കാലതാമസത്തിന് കാരണമെന്ന് അവര്‍ പറഞ്ഞു. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നത് വരെ മൃതദേഹം കൊണ്ടുപോകില്ലെന്ന് പറഞ്ഞ ബന്ധുക്കള്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ സൂപ്രണ്ട് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.