ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രത്തിന്റെ ബേണ്‍ഡ് മെമ്മറിയും വിവിപാറ്റും തമ്മില്‍ ഒത്തുനോക്കാണമെന്ന ആവശ്യപ്പെട്ട് ഇതുവരെ എട്ടു അപേക്ഷകള്‍ ലഭിച്ചതായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍. മൂന്നുവീതം ബി.ജെ.പി- കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഓരോ ഡി.എം.ഡി.കെ, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമാണ് ആവശ്യവുമായി കമ്മിഷനെ സമീപിച്ചത്.
ബി.ജെ.പിയുടെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍, തമിഴ്‌നാട്ടിലെ വെല്ലൂര്‍, തെലങ്കാനയിലെ സഹിറാബാദ് സ്ഥാനാര്‍ഥികളാണ് ആവശ്യമുന്നയിച്ചത്. കോണ്‍ഗ്രസിന്റെ ഛത്തീസ്ഗഢിലെ കന്‍കര്‍, ഹരിയാനയിലെ ഫരീദാബാദ്, കര്‍ണാല്‍ സ്ഥാനാര്‍ഥികളുമാണ് കമ്മിഷനെ സമീപിച്ചത്. വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ വിഴിയനഗരം സ്ഥാനാര്‍ഥിയും വിരുദുനഗറിലെ ഡി.എം.ഡി.കെ. സ്ഥാനാര്‍ഥിയുമാണ് മറ്റു രണ്ട് പേർ.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രപ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും ഒഡീഷയിലെ ഒരു മണ്ഡലത്തിലും വിവിപാറ്റ് പരിശോധനയ്ക്ക് സ്ഥാനാര്‍ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകളില്‍ രണ്ടുമൂന്നും സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥികള്‍ക്ക് യന്ത്രത്തിന്റെ പ്രോഗ്രാമില്‍ സംശയം തോന്നിയാല്‍ പരിശോധിക്കാന്‍ അവസരം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.