സിനിമാപ്രവര്‍ത്തകര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് തെലുഗു സിനിമ. ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ 'മാ' (ദ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) നാണ് യൂട്യൂബ് ചാനലുകള്‍ക്കെതിരേ നടപടി സ്വീകരിച്ചത്. സംഘടനയുടെ അധ്യക്ഷനായ നിര്‍മാതാവും നടനുമായ വിഷ്ണു മാഞ്ചുവാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് യൂട്യൂബറും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുമായ പ്രണീത് ഹനുമന്തു അറസ്റ്റിലായിരുന്നു. ലൈവില്‍ റീലുകള്‍ റിയാക്ട് ചെയ്യുന്നതിനിടെ ഒരു പിതാവിനെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കുറിച്ച് അശ്ലീല കമന്റ് പറഞ്ഞതിനെ തുടർന്നായിരുന്നു അറസ്റ്റ്. നടന്‍ സായി ധരം തേജയാണ് ഈ വിഷയം അധികൃതര്‍ക്ക് മുന്നിലെത്തിച്ചത്. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹത്തോട് നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
പ്രണീത് ഹനുമന്തു അറസ്റ്റിലായതിന് പിന്നാലെയാണ് 'മാ' സംഘടന തെലുഗു സിനിമാപ്രവര്‍ത്തകര്‍ക്കെതിരേയും അവരുടെ കുടുംബത്തിനെതിരേയും അശ്ലീല പരാമര്‍ശം നടത്തുന്ന ചാനലുകള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. 23 ചാനലുകള്‍ ടെര്‍മിനേറ്റ് ചെയ്തതായി 'മാ' സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
സംഭവത്തിൽ, നടിമാരായ മീന, രാധിക ശരത്കുമാര്‍ തുടങ്ങി ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ സംഘടനയെയും അധ്യക്ഷന്‍ വിഷ്ണു മാഞ്ചുവിനെയും അഭിനന്ദിച്ച് രംഗത്തുവന്നിട്ടുണ്ട്.