ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രതർക്കം തുടരുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളിലെയും വിസാ നടപടികൾ വൈകും. പ്രധാന നയതന്ത്ര ഉദ്യോഗസ്ഥരെ ഇരുരാജ്യവും പുറത്താക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്ത സാഹചര്യത്തിൽ വിസാ നടപടികൾ പരിമിതപ്പെടാനും കാലതാമസമുണ്ടാകാനും സാധ്യതയുണ്ടെന്ന് നയതന്ത്രവിദഗ്ധർ പറഞ്ഞു. തർക്കത്തിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ സ്വീകരിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞദിവസം വിദേശകാര്യമന്ത്രാലയം നയതന്ത്രതലത്തിൽ നടപടികളെടുത്തത്. ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയ സാഹചര്യത്തിൽ, വിസാ നടപടികൾ നിർവഹിക്കാനുള്ള സംവിധാനം, ഉദ്യോഗസ്ഥബലം എന്നിവ ഡൽഹിയിലെ കനേഡിയൻ സ്ഥാനപതികാര്യാലയത്തിൽ പരിമിതപ്പെടും. വിതരണം ചെയ്യുന്ന വിസകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഇതിടയാക്കും.
വിസാ നിയന്ത്രണം ഏറെ ബാധിക്കുക ഇന്ത്യൻ വിദ്യാർത്ഥികളെയായിരിക്കും. കാനഡയിലെ അന്താരാഷ്ട്ര വിദ്യാർഥി സമൂഹത്തിൽ 41 ശതമാനം ഇന്ത്യക്കാരാണ്. വിസനിയന്ത്രണം കാരണം വിദ്യാർഥികളുടെ എണ്ണംകുറയുന്നതും വിനോദസഞ്ചാരികളുടെ വരവു കുറയുന്നതും ഇരുരാജ്യത്തെയും വിമാനക്കമ്പനികളുടെ വരുമാനത്തെ ബാധിക്കും. എയർ കാനഡയും എയർ ഇന്ത്യയുമാണ് ഇരുരാജ്യത്തിനുമിടയിൽ സർവീസ് നടത്തുന്ന വലിയ വിമാനക്കമ്പനികൾ.
നിജ്ജർവധവുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ നടത്തിയ പശ്ചാത്തലത്തിൽ കനേഡിയൻ പൗരർക്ക് വിസ നൽകുന്നത് 2023 സെപ്റ്റംബറിൽ ഇന്ത്യ ഒരുമാസത്തേക്ക് താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇതേത്തുടർന്ന് കാനഡയും താത്കാലികമായി വിസ വിതരണവും ബെംഗളൂരു, ചണ്ഡീഗഢ്, മുംബൈ എന്നിവിടങ്ങളിലെ കോൺസുലർ സേവനങ്ങളും നിർത്തിവെച്ചു. 2023 നവംബറിൽ ഘട്ടംഘട്ടമായി ഇന്ത്യ വിസ വിതരണം പുനരാരംഭിക്കുകയായിരുന്നു.