ഇലക്ഷന്‍ ഗോദയിലും വിനേഷ് ഫോഗട്ട് എതിരാളിയെ മലര്‍ത്തിയടിച്ചു. ഹരിയാന കോണ്‍ഗ്രസിനെ കൈവിട്ടെങ്കിലും ചുണ്ടിനും കപ്പിനും ഇടയില്‍ ഒളിംപിക്‌സ് മെഡല്‍ നഷ്ടമായ ഈ ഗുസ്തി താരത്തിന്റെ മുറിവുണക്കിയിരിക്കുകയാണ് ഹരിയാനയിലെ ജനങ്ങള്‍. വിനേഷിന് ഇതൊരു മധുര പ്രതികാരം കൂടിയാണ്. വിനേഷിന്റെ വിജയത്തിന്റെ തിളക്കം കൂട്ടുന്ന മറ്റൊരു കാരണം കൂടിയുണ്ട്. ജുലാന മണ്ഡലം രണ്ടു പതിറ്റാണ്ടിനു ശേഷം കന്നിയങ്കത്തില്‍ വിനേഷ് കോണ്‍ഗ്രസിനായി തിരികെ പിടിച്ചു.
ബിജെപി സ്ഥാനാര്‍ഥി, ക്യാപ്റ്റന്‍ യോഗേഷ് ഭൈരഗിയെന്ന മുന്‍ സൈനികോദ്യോഗസ്ഥനെയാണ് വിനേഷ് അട്ടിമറിച്ചത്. ബിജെപിക്കുള്ള ശക്തമായ തിരിച്ചടിയാണ് വിനേഷിന്റെ ഈ വിജയം. ഹരിയാനയില്‍ അധികാരം നിലനിര്‍ത്തുമ്പോഴും, ജുലാനയില്‍ വിനേഷ് ഫോഗട്ടിന്റെ വിജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.
മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് എന്ന ബിജെപി നേതാവിനെതിരെ, ഡല്‍ഹിയുടെ തെരുവുകളില്‍ സമരം ചെയ്തായിരുന്നു വിനേഷിന്റെ രാഷ്ട്രീയ പോരാട്ടം തുടങ്ങിയത്. ഗുസ്തി താരങ്ങളെ ഏറെ ദ്രോഹിച്ചെന്ന് ആരോപണമുയര്‍ന്ന ബ്രിജ് ഭൂഷണെതിരായ സമരത്തെ ബിജെപിയുടെ ഉന്നത നേതൃത്വം ഉള്‍പ്പെടെ അവഗണിച്ചു. ആ സമരത്തിനൊടുവില്‍ ബ്രിജ്ഭൂഷന് ജനപ്രതിനിധി സ്ഥാനം നഷ്ടമായി.
ഭര്‍ത്താവും ഗുസ്തിതാരവുമായ സോംവീര്‍ റാത്തിയുടെ നാട്ടിലാണ് വിനേഷ് ആദ്യ മത്സരത്തില്‍ എതിരാളിയെ മലര്‍ത്തിയടിച്ചത്.
തിരഞ്ഞെടുപ്പു ജയിച്ചാല്‍ വിനേഷും സംഘവും നാടുവിടുമെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. ജുലാന കി ബഹു, ജുലാനയുടെ മരുമകള്‍ എന്ന മറുപടി നല്‍കിയാണ് വിനേഷ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
2004ന് ശേഷം ജുലാനയില്‍ കോണ്‍ഗ്രസിനു ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വെറും 9.84% വോട്ടു മാത്രമാണ് നേടിയത്. ഇത്തവണ വിനേഷിലൂടെ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം നടത്താനായത്.
ഗുസ്തിയെ പ്രാണനുതുല്യം സ്‌നേഹിക്കുന്നവരാണ് ഹരിയാനക്കാര്‍. ഇടിക്കൂട്ടിലെ മുറിവേറ്റ സിംഹത്തിനൊപ്പം ഹരിയാനക്കാര്‍ നിന്നു. ഗുസ്തിയെയും ഗുസ്തി താരങ്ങളെയും നെഞ്ചേറ്റുന്നവര്‍ വിനേഷിന്റെ തിരഞ്ഞെടുപ്പു റാലികള്‍ക്ക് കൂട്ടമായി എത്തി. ഒടുവില്‍ ജുലാനയുടെ മരുമകളെ ജനം ചേര്‍ത്തുപിടിക്കുക തന്നെ ചെയ്തു.
വിനേഷിനെ മകളെപ്പോലെ ചേര്‍ത്തുപിടിച്ച് വോട്ടു ചെയ്യാന്‍ ജുലാനക്കാര്‍ മടിച്ചില്ല. അതിന്റെ ഫലം കൂടിയാണ് ഈ ചരിത്ര വിജയം.
ചെന്നൈ പ്രളയരക്ഷാദൗത്യത്തില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടുള്ള ക്യാപ്റ്റന്‍ യോഗേഷ് ഭൈരഗിയെയാണ് വിനേഷിനെതിരെ ബിജെപി കളത്തിലിറക്കിയത്. എഎപിക്കായി ഗുസ്തി താരം കവിത ദലാലും ജെജെപിക്കായി സിറ്റിങ് എംഎല്‍എ അമര്‍ജിത് ദണ്ഡെയുമാണ് മത്സരിച്ചത്.
മണ്ഡലത്തിലെ ജാതി സമവാക്യങ്ങളും വിനേഷിനെ തുണച്ചിട്ടുണ്ടാവും. വിനേഷ് ഉള്‍പ്പെടുന്ന ജാട്ട് വിഭാഗം പ്രബലമായ മണ്ഡലമാണ് ജുലാന.