ന്യൂഡല്‍ഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ വിരമിക്കല്‍ കാലാവധി നീട്ടി കേന്ദ്രം. 2026 ജൂലൈ വരെ തല്‍സ്ഥാനത്ത് വിക്രം മിസ്രിയ്ക്ക് തുടരാം. നവംബര്‍ 30-ന് അദ്ദേഹം വിരമിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഐഎഫ്എസ് 1989 ബാച്ച് ഉദ്യോഗസ്ഥനാണ് വിക്രം മിസ്രി. 2026 ജൂലൈ 14 വരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയോ ആണ് വിദേശകാര്യ സെക്രട്ടറിയായി അദ്ദേഹത്തിന്റെ കാലാവധി നീട്ടിയത്. ജൂലൈ 15നാണ് അദ്ദേഹം ഇന്ത്യയുടെ 35-ാമത് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റെടുത്തത്.
വിദേശകാര്യ മന്ത്രാലയത്തിന് പുറമെ പ്രധാനമന്ത്രിയുടെ ഓഫീസിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെ ചൈനയിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു വിക്രം മിസ്രി. സ്‌പെയിനിലെയും മ്യാന്‍മറിലെയും അംബാസഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2022 ജനുവരി 1 മുതല്‍ 2024 ജൂലൈ 14 വരെ അദ്ദേഹം രാജ്യത്തിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. പ്രധാനമന്ത്രിമാരായ ഐ. കെ ഗുജ്റാള്‍, മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായും മിസ്രി സേവനമനുഷ്ഠിച്ചിട്ടുണ്ട്.