ചെന്നൈ: മദ്യപിക്കുന്ന അംഗങ്ങൾ പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ).ഒക്ടോബർ 27നാണ് ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനം നടക്കുന്നത്.പാർട്ടി അംഗങ്ങൾക്കായി പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.കൂടാതെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട മര്യാദകളെപ്പറ്റിയും നിർദേശത്തിൽ ചൂണ്ടികാട്ടുന്നുണ്ട്.ടിവികെ ജനറൽ സെക്രട്ടറിയും പുതുച്ചേരിയിൽ നിന്നുള്ള മുൻ എംഎൽഎയുമായ എൻ.ആനന്ദാണ് വിജയ് യുടെ നിർദേശപ്രകാരം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ അംഗങ്ങൾക്കും അനുഭാവികൾക്കും മതിയായ സംരക്ഷണം നൽകണം, റോഡിൽ മര്യാദ ഉറപ്പാക്കണം, മറ്റ് വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം, ഇരുചക്രവാഹനങ്ങളിൽ വേദിയിൽ എത്തുന്ന പ്രവർത്തകർ ബൈക്ക് സ്റ്റണ്ടുകളിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം, ഡ്യൂട്ടിക്കെത്തുന്ന മെഡിക്കൽ ടീമിനും ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർക്കും മതിയായ സൗകര്യങ്ങൾ ഒരുക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ.അതേസമയം പാർട്ടിയുടെ പ്രവർത്തനനയം സംബന്ധിച്ച മറ്റുകാര്യങ്ങൾ സംസ്ഥാന സമ്മേളനത്തിൽ വിജയ് പ്രഖ്യാപിച്ചേക്കും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അനുയായികളെ ഉൾപ്പെടുത്തി പാർട്ടിസമ്മേളനം നടത്താൻ വിജയ് തയ്യാറെടുക്കുന്നത്.