ടിവികെയുടെ പതാക മാറ്റേണ്ട, മായാവതിയുടെ പരാതി തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മായാവതിയുടെ പാർട്ടിയായ ബഹുജൻ സമാജ്വാദി പാർട്ടിയാണ് ടിവികെയുടെ പതാകയ്ക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നത്. 

author-image
anumol ps
New Update
vijays tvk bans alcoholb consumers from attending state conference

 

 


ചെന്നൈ: തമിഴ് സിനിമ താരം വിജയ്‍യുടെ പാർട്ടി തമിഴക വെട്രി കഴകത്തിൻറെ പതാകയ്ക്കെതിരായ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. മായാവതിയുടെ പാർട്ടിയായ ബഹുജൻ സമാജ്വാദി പാർട്ടിയാണ് ടിവികെയുടെ പതാകയ്ക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നത്. 

തമിഴക വെട്രി കഴകത്തിന് വലിയ ആശ്വസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനം. ടിവികെ പതാകയിൽ അപാകതകൾ ഇല്ലെന്നും, ടിവികെയുടെ പതാക മാറ്റേണ്ട ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. തമിഴക വെട്രി കഴകത്തിൻറെ പതാകയിലെ ആന തങ്ങളുടെ ചിഹ്നമാണ്  എന്നായിരുന്നു ബിഎസ്‌പിയുടെ പരാതി.

കഴിഞ്ഞ ആഗസ്റ്റ് 22നാണ് തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ചത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്റെ പാർട്ടിക്കായി അവതരിപ്പിച്ചത്. പതാകയേക്കുറിച്ച് വിജയ് ഇന്ന് അണികളോട് വിശദീകരിക്കും.  ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചുനിൽക്കുമെന്നും ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും വിജയ് വ്യക്തമാക്കുന്നത്. 

മതസൗഹാർദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളും. തമിഴ് ഭാഷയ്ക്കായി ജീവൻ ബലി നൽകിയവരുടെ പോരാട്ടം തുടരുമെന്നും വിജയ് വിശദമാക്കുന്നു. പാർട്ടി രൂപീകരിച്ച ശേഷം ആദ്യ രാഷ്ട്രീയ ചടങ്ങിലാണ് പതാക പുറത്തിറക്കിയത്. മഞ്ഞയും ചുവപ്പും ചേർന്ന പതാകയിൽ പൂവും ആനയെയും കാണാം. 

അതേ സമയം ഈ മാസം 23ന് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ പ്രഥമ ടിവികെ സംസ്ഥാന സമ്മേളനം പൊലീസ് അനുമതി ഇല്ലാത്തതിനാൽ സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. ടിവികെയുടെ സംസ്ഥാന സമ്മേളനം വൈകുകയാണ്. സമ്മേളനം നടത്താൻ അനുമതി തേടി ടിവികെ നൽകിയ കത്ത് പൊലീസ് പല തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ച് തീരുമാനമെടുക്കാതെ വെച്ചിരിക്കുകയാണ്. 

എന്നാൽ ടിവികെ സമ്മേളനത്തിന് ആശംസ അറിയിച്ച് ഡിഎംകെ സഖ്യത്തിലുള്ള വിസികെ പാ‍ർട്ടി നേതാവായ തിരുമാളവൻ എംപി നേരത്തെ രംഗത്ത് വന്നിരുന്നു. തമിഴ്നാട്ടിൽ രണ്ട് ലോക്സഭ എംപിമാരുള്ള പ്രമുഖ ദളിത് പാ‍ർട്ടിയായ വിസികെയുമായി വിജയ് സഖ്യത്തിന് ശ്രമിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിസികെയ്ക്ക് പലപ്പോഴും വിജയ് ആശംസ നേർന്നിട്ടുണ്ട്. 

 

vijay tamizhaga vetri kazhagam(TVK)