ന്യൂഡൽഹി : ഉത്തർപ്രദേശിലെ ഹാത്രസിൽ പ്രാർഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി.ഡൽഹിയിൽവച്ച് കീഴടങ്ങിയ ദേവ് പ്രകാശ് മധുകാറിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ രണ്ടിന് നടന്ന സംഭവത്തിനു പിന്നാലെ ഒളിവിൽപോയ പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദേവ് പ്രകാശ് മധുകാർ ഡൽഹിയിൽ കീഴടങ്ങിയത്.
സമ്മേളനത്തിൻറെ സംഘാടകരായ രണ്ട് വനിതകൾ ഉൾപ്പടെ ആറുപേർ നേരത്തെ അറസ്റ്റിലായിരുന്നു.പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായതിൽ സംഘാടകർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
സത്സംഗിന് നേതൃത്വം നൽകിയ നാരായൺ സകർ വിശ്വഹരി ഭോലെ ബാബ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. എഫ്ഐആറിൽ ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ഇത് വിവാദമായി തുടരുകയാണ്.